
കോഴിക്കോട്: മുസ്‌ലിം ലീഗിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ കടുത്ത നിലപാടുമായി പാർട്ടി നേതൃത്വം. വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച നൂർബിന റഷീദിനെതിരെ അച്ചടക്ക നടപടികൾക്ക് നീങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം.പാർട്ടി സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നൂർബിനയുടെ പ്രസ്താവന അച്ചടക്കലംഘനമാണെന്ന് കാണിച്ച് വിശദീകരണം തേടി നോട്ടീസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഒരു തീരുമാനമെടുത്താൽ അതാണ് എല്ലാവരും പിന്തുടരേണ്ട നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 25 ലക്ഷം അംഗങ്ങളുള്ള വലിയ സംഘടനയായ മുസ്‌ലിം ലീഗിൽ മറ്റാരും ഇത്തരം പ്രതികരണവുമായി മുന്നോട്ട് വന്നിട്ടില്ലെന്നും സലാം ചൂണ്ടിക്കാട്ടി. നൂർബിനയുടെ പ്രതികരണം “ചായകപ്പിലെ കൊടുങ്കാറ്റ്” മാത്രമാണെന്നും അദ്ദേഹം വിലയിരുത്തി. നൂർബിന തന്റെ തെറ്റ് തിരിച്ചറിഞ്ഞ് പാർട്ടിയിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും, അതില്ലെങ്കിൽ നടപടികൾ അനിവാര്യമാകുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
'സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി ഉണ്ടെങ്കിൽ അവർ പറയേണ്ടത് പാർട്ടിയോടായിരുന്നു. മാധ്യമങ്ങളോട് അതൃപ്തി പറഞ്ഞാൽ ഞങ്ങൾ എങ്ങനെ പരിഹരിക്കും. പാർട്ടി അച്ചടക്കം എന്ന ഒന്നുണ്ട്. പ്രതികരണത്തിൽ ഒരു പ്രതിസന്ധിയുമില്ല. ഒരു വോട്ട് പോലും കുറയില്ല. വനിതാ ലീഗിന്റെ നിലപാട് അതിന്റെ ദേശീയ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ ആണ് പറയേണ്ടത്. ഏതെങ്കിലും വ്യക്തി വന്ന് പറഞ്ഞാൽ വനിതാ ലീഗിന്റെ നിലപാടാകില്ല', സലാം പറഞ്ഞു.










