06:48pm 23 April 2026
NEWS
മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായം ഉണ്ട്; ഉപമുഖ്യമന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നും മുസ്ലീം ലീ​ഗ്
23/04/2026  04:25 PM IST
nila
 മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായം ഉണ്ട്; ഉപമുഖ്യമന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നും മുസ്ലീം ലീ​ഗ്

മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് കോൺ​ഗ്രസിൽ രൂക്ഷമാകുന്ന മുഖ്യമന്ത്രി തർക്കത്തിൽ മുസ്ലീം ലീ​ഗിന് അതൃപ്തി. മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺ​ഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ അനവസരത്തിലുള്ളതാണെന്ന് ലീ​ഗ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. ലീ​ഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോ​ഗത്തിലാണ് മുസ്ലീം ലീ​ഗ് നേതാക്കൾ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായം ഉണ്ടെന്നാണ് ലീ​ഗ് നേതൃത്വം വ്യക്തമാക്കുന്നത്. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്നും യോ​ഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

മുസ്ലീം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസിനെതിരെ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺഗ്രസ്‌ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ പിന്തുണക്കും. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ട്. കോൺഗ്രസാണ് അത് നൽകേണ്ടത്. ചർച്ച നടത്തി സാമൂഹിക അന്തരീക്ഷം മലിനമാക്കി നേടേണ്ടതല്ല ഉപമുഖ്യമന്ത്രി സ്ഥാനമെന്നും നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. 

ഒരിടവേളയ്ക്ക് ശേഷമാണ് കോൺ​ഗ്രസിൽ മുഖ്യമന്ത്രി ചർച്ച വീണ്ടും ഉയർന്നിരിക്കുന്നത്. കോൺ​ഗ്രസിലെ ഏറ്റവും വലിയ ​ഘടക കക്ഷിയാണ് ലീ​ഗ്. കോൺ​ഗ്രസ് നേതാക്കൾ അനവസരത്തിലുള്ള മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്നാണ് മലപ്പുറം ജില്ലാ കമ്മറ്റി യോ​ഗത്തിൽ മുതിർന്ന നേതാക്കൾ പറയുന്നത്. ഇത്തരം ചർച്ചകൾ ഇപ്പോൾ നടക്കുന്നത് മുന്നണിക്ക് ശുഭകരമല്ലെന്ന് തുടങ്ങിയ പരമാർശങ്ങളും നോതാക്കൾ യോ​ഗത്തിൽ വ്യക്തമാക്കി. മെയ് 4 വരെയെങ്കിലും ഇത്തരം ചർച്ചകൾ ഒഴിവാക്കണമെന്നും ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ശേഷമാകാം മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകളെന്നും നോതാക്കൾ പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img