
മന്ത്രിമാരും എംഎൽഎമാരും എംപിമാരും പാലിക്കേണ്ട പെരുമാറ്റച്ചട്ടം രൂപീകരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം. ജനപ്രതിനിധികളുടെ പ്രവർത്തനത്തിൽ കൂടുതൽ ജാഗ്രത ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് പാർട്ടി തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ മൂന്നിന് കോഴിക്കോട് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ യോഗം ചേരും.
യോഗത്തിൽ ലീഗ് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വിശദീകരിക്കും. ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളിൽനിന്ന് സേവനങ്ങളോ സൗകര്യങ്ങളോ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയും മാർഗരേഖയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി സർക്കാർ വാഹനം ഒഴിവാക്കി സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്നാണ് വിവരം. സംഭവത്തിൽ ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ ഷാജിക്കെതിരെ സംഘടനാതലത്തിൽ നടപടിയെടുക്കാൻ സാധ്യതയില്ലെന്നാണ് നിലവിലെ വിവരം.
നിലവിലെ ലീഗ് മന്ത്രിമാരിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. പാർട്ടിയുടെ എംഎൽഎമാരിലും ഭൂരിഭാഗവും പുതിയ മുഖങ്ങളാണ്. ഈ സാഹചര്യത്തിലാണ് അധികാരസ്ഥാനങ്ങളിലുള്ളവർ പൊതുജനങ്ങളുമായും സ്വകാര്യ വ്യക്തികളുമായും ഇടപെടുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകാൻ നേതൃത്വം തീരുമാനിച്ചത്.
ജനപ്രതിനിധികളുടെ ഔദ്യോഗിക പെരുമാറ്റം, സ്വകാര്യ വ്യക്തികളിൽനിന്നുള്ള സഹായങ്ങളും സൗകര്യങ്ങളും സ്വീകരിക്കുന്നതിലെ ജാഗ്രത, പൊതുപ്രവർത്തകരെന്ന നിലയിൽ പാലിക്കേണ്ട മര്യാദകൾ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ നിർദേശങ്ങൾ നൽകാനാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.










