03:59pm 30 April 2026
NEWS
കർണാടകത്തിലെ മുസ്ലിം നേതാക്കൾ കോൺഗ്രസുമായി ഇടഞ്ഞുതന്നെ; ന്യൂനപക്ഷ ചെയർമാൻ രാജിവെച്ചു.
13/04/2026  10:33 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ മുസ്ലിം നേതാക്കൾ കോൺഗ്രസുമായി ഇടഞ്ഞുതന്നെ; ന്യൂനപക്ഷ ചെയർമാൻ രാജിവെച്ചു

 ഉപതെരഞ്ഞെടുപ്പ് നടന്ന ദാവൺഗെരെ സൗത്ത് നിയമസഭാമണ്ഡലത്തിൽ മുസ്ലിംസമുദായത്തിൽ നിന്ന് കോൺഗ്രസ്സ് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. എൺപതിനായിരത്തോളമുള്ള മുസ്ലിങ്ങൾ മണ്ഡലത്തിലെ പ്രബല സമുദായമാണ്. ഒരു മുസ്ലിംനേതാവിനെ ഉപ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി യാക്കണമെന്ന് ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുകയും അതിനുവേണ്ടി സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.സംസ്ഥാനത്തെ മുസ്ലിമുകൾക്കിടയിൽ വളരെയേറെ സ്വാധീനമുള്ള നേതാവാണ് സമീർ അഹമ്മദ് ഖാൻ. എം എൽ എയായിരുന്ന മുതിർന്ന നേതാവ് ശാമന്നൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ദാവൺഗെരെ സൗത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. സമ്മർദ്ദങ്ങൾ കൂട്ടാക്കാതെ ശിവശങ്കരപ്പയുടെ കൊച്ചുമകനും മൈൻസ് ആൻഡ്‌ ജിയോളജി മന്ത്രി മല്ലികാർജുനന്റെ മകനുമായ സമർത്ഥ ശാമന്നൂരിനെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനാർത്ഥിയാക്കിയത്. ഇക്കാരണത്താൽ സമീർ അഹമ്മദ് ഖാനും കോൺഗ്രസിനെ മറ്റു ചില മുസ്ലിം നേതാക്കളും പ്രചാരണത്തിനെത്തിയില്ല. സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ച ദാവൺഗെരെയിൽ നിന്നുള്ള നേതാവും സംസ്ഥാന ന്യൂനപക്ഷ വിഭാഗം ചെയർമാനുമായ അബ്ദുൾ ജബ്ബാറും സഹായികളും പ്രചാരണവുമായി സഹകരിച്ചിരുന്നില്ല. മത്സരരംഗത്തുള്ള എസ്‌ ഡി പി ഐ സ്ഥാനാർത്ഥിയ്ക്കും മറ്റു സ്വതന്ത്ര മുസ്ലിം സ്ഥാനാർത്ഥികൾക്കുമാണ് മുസ്ലിങ്ങൾ വോട്ടുചെയ്തതെന്ന് കരുതപ്പെടുന്നുണ്ട്. അതിനാൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി പരാജയപ്പെട്ടേക്കുമോ എന്ന സംശയം നിലനിൽക്കുന്നുമുണ്ട്. വോട്ടെടുപ്പിന് ശേഷം ചീഫ് വിപ്പ് സലിം അഹമ്മദ്, ശിവാജിനഗർ എം എൽ എ റിസ്വാൻ അർഷാദ് എന്നിവർ ബംഗളുരുവിലെ കോൺഗ്രസ്സ് ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ നേതാക്കളുടെ പേര് പറയാതെ തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. അതിൽ പ്രകോപിതനായി അബ്ദുൽ ജബ്ബാർ ന്യൂനപക്ഷ വിഭാഗം ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് പി സിസി അധ്യക്ഷ പദവി കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് അയച്ചുകൊടുത്തു. അസീസ് സേട്ട്, ജാഫർ ഷരീഫ് എന്നിവർക്ക് ശേഷം കോൺഗ്രസ്സിന് കിട്ടിയ കരുത്തനായ മുസ്ലിം നേതാവാണ് സമീർ അഹമ്മദ് ഖാനെന്ന് കത്തിൽ പറയുന്നുണ്ട്. രാജി സ്വീകരിച്ച ശിവകുമാർ ന്യൂനപക്ഷ കമ്മിറ്റി പിരിച്ചുവിട്ടു. മെയ് നാലിന് വോട്ടെണ്ണുമ്പോൾ അട്ടിമറി ഉണ്ടായാൽ കൂടുതൻ കടുത്ത നടപടികൾ ഉണ്ടാകാനിടയുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img