ഒറ്റ ദിവസം കൊണ്ട് മസ്കിന്റെ സമ്പത്തിൽ അമ്പരപ്പിക്കുന്ന വളർച്ച

ലോക സമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്ക് വീണ്ടും ചരിത്രമെഴുതി. ഒരുദിവസംകൊണ്ട് മാത്രം 15.19 ലക്ഷം കോടി രൂപ (167 ബില്യൻ ഡോളർ)യുടെ വർധനവാണ് മസ്കിന്റെ ആസ്തിയിലുണ്ടായിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തി 638 ബില്യൻ ഡോളറിലേക്കാണ് ഉയർന്നത്. ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന മസ്കിന്റെ ബഹുമതി അടുത്തകാലത്തൊന്നും ആർക്കും കയ്യടക്കാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ബ്ലൂംബെർഗിന്റെ റിയൽടൈം ബില്ലിയണെയർ പട്ടിക പ്രകാരം ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എന്നാൽ രണ്ടാമനായ ലാറി പേജിന്റെ ആകെ സമ്പത്ത് 265 ബില്യൻ ഡോളർ മാത്രമാണ്. മസ്കിനേക്കാൾ 373 ബില്യൻ ഡോളറിന്റെ വ്യത്യാസം നിലനിൽക്കുന്നത് തന്നെ ഈ ആധിപത്യം എത്ര ശക്തമാണെന്ന് വ്യക്തമാക്കുന്നു.
ഇന്ത്യക്കാരിൽ മുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 106 ബില്യൻ ഡോളർ ആസ്തിയുമായി അദ്ദേഹം ആഗോള പട്ടികയിൽ 18-ാം സ്ഥാനത്തുണ്ട്. ഇന്ത്യക്കാരിൽ രണ്ടാമനായ ഗൗതം അദാനിയുടെ സമ്പത്ത് 85.2 ബില്യൻ ഡോളർ. ശ്രദ്ധേയമായി, മസ്കിന് ഒരുദിവസം ലഭിച്ച സമ്പത്ത് വർധന തന്നെ ഇവരുടെ ആകെ ആസ്തിയെക്കാൾ കൂടുതലാണ്.
സ്പേസ്എക്സിന്റെ ഐപിഒ സാധ്യതകളാണ് മസ്കിന്റെ സമ്പത്ത് കുതിപ്പിന് പ്രധാന കാരണം. കമ്പനിയുടെ മൂല്യം 400 ബില്യനിൽ നിന്ന് 800 ബില്യനായി ഉയർന്നതോടെ, ഓപ്പൺഎഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്വകാര്യ സ്ഥാപനമാകാനുള്ള പാതയിലാണ് സ്പേസ്എക്സ്. ഇതോടൊപ്പം ടെസ്ല ഓഹരികൾ സർവകാല ഉയരത്തിലെത്തിയതും മസ്കിന്റെ സമ്പത്ത് കണക്കുകൾക്ക് ഇരട്ട മധുരമായി.











