
ദോഹ: പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക സേവനത്തിലും പുലർത്തുന്ന മികച്ച പ്രതിബദ്ധതയ്ക്ക് മുശൈരിബ് പ്രോപ്പർട്ടീസിന് നാല് രാജ്യാന്തര 'കമ്മ്യൂണിറ്റാസ് അവാർഡുകൾ' (Communitas Awards). സുസ്ഥിര വികസന മേഖലയിലെ മൂന്ന് പുരസ്കാരങ്ങളും കമ്മ്യൂണിറ്റി സർവീസ് വിഭാഗത്തിലെ ഒരു പുരസ്കാരവുമാണ് കമ്പനി സ്വന്തമാക്കിയത്.
തങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങൾക്കപ്പുറം സമൂഹത്തിനും പരിസ്ഥിതിക്കും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന സ്ഥാപനങ്ങളെ ആദരിക്കുന്ന അന്താരാഷ്ട്ര വേദിയാണ് കമ്മ്യൂണിറ്റാസ് അവാർഡ്‌സ്.മുശൈരിബ് ഡൗൺടൗൺ ദോഹയിലൂടെ പരിസ്ഥിതി സൗഹൃദപരമായ നഗരനിർമ്മാണവും മുശൈരിബ് മ്യൂസിയങ്ങളിലൂടെ സാംസ്കാരിക പൈതൃക സംരക്ഷണവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്ന് തങ്ങൾ തെളിയിച്ചതായി മുശൈരിബ് പ്രോപ്പർട്ടീസ് സി.ഇ.ഒ എൻജിനീയർ അലി അൽ കുവാരി പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ ലഭിച്ച 'സീൽ' (SEAL) ബിസിനസ് സസ്റ്റൈനബിലിറ്റി അവാർഡിന് പിന്നാലെ മുശൈരിബ് പ്രോപ്പർട്ടീസ് തേടിയെത്തുന്ന രണ്ടാമത്തെ വലിയ രാജ്യാന്തര അംഗീകാരമാണിത്. സ്മാർട്ട് സിറ്റി നിർമ്മാണത്തിലും സാമൂഹിക പ്രതിബദ്ധതയിലും മേഖലയിലെ മുൻനിരക്കാരായി മുശൈരിബ് പ്രോപ്പർട്ടീസിനെ ഈ പുരസ്കാരങ്ങൾ അടയാളപ്പെടുത്തുന്നു.










