05:11am 18 July 2026
NEWS
കുട്ടികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി; രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് മരണം
17/07/2026  11:34 AM IST
nila
കുട്ടികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി; രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് മരണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്‌കൂൾ വാനിലേക്ക് പാസഞ്ചർ ട്രെയിൻ പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. ബഹരംപുർ മേഖലയിലെ കർണസുബർണ റെയിൽവേ ലെവൽ ക്രോസിങ്ങിൽ ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

കുട്ടികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനിൽ നിംതിത–കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. വാനിന്റെ ഭാഗങ്ങൾ റെയിൽപാളത്തിന് സമീപം ചിതറിക്കിടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

അപകടത്തിന് പിന്നാലെ ഗേറ്റ്‌മാന്റെ അശ്രദ്ധയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നു. ഒരു ട്രെയിൻ കടന്നുപോയതിന് ശേഷം സമീപ ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ എത്തുന്നത് ശ്രദ്ധിക്കാതെ ലെവൽ ക്രോസിങ് ഗേറ്റ് തുറന്നുവെന്നാണ് ദൃക്‌സാക്ഷികളും പ്രാദേശിക മാധ്യമങ്ങളും പറയുന്നത്. സംഭവത്തിൽ ഗേറ്റ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പരുക്കേറ്റ വിദ്യാർഥികളെ ഉടൻ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img