07:11am 13 November 2026
NEWS
മുറിവേറ്റ മനസ്സുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും അപമാനിതനായി രാജണ്ണയും
14/08/2025  11:55 AM IST
വിഷ്ണുമംഗലം കുമാർ
മുറിവേറ്റ മനസ്സുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും അപമാനിതനായി രാജണ്ണയും

ബംഗളുരു: നാലര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മനസ്സിനെ ഏറ്റവും ആഴത്തിൽ മുറിവേൽപ്പിച്ച താഴ്ത്തിക്കെട്ടലാണ് രണ്ടുദിവസം മുമ്പ് ഉണ്ടായത്. ആത്മസുഹൃത്തും വിശ്വസ്ത അനുയായിയുമായ സഹകരണ മന്ത്രി കെ എൻ രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടിവന്നതിൽ സിദ്ധരാമയ്യ അനുഭവിക്കുന്ന ആന്തരികവേദന അഗാധമാണ്. എന്നാൽ നിയമസഭയിൽ പ്രതിപക്ഷനേതാവ് ആർ അശോക് അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞത് അതൊക്കെ നിങ്ങളുടെ തോന്നൽ മാത്രമാണെന്നാണ്. ജെഡിഎസ്സിൽ നിന്ന് കോൺഗ്രസ്സിലെത്തിയ, സോഷ്യലിസ്റ്റ് പാരമ്പര്യം പേറുന്ന നേതാവാണ് സിദ്ധരാമയ്യ. പാർട്ടി ഹൈക്കമാണ്ടുമായി അദ്ദേഹത്തിനുള്ള ബന്ധം ഇപ്പോഴും സുദൃഢമല്ല. ഭരണപരമായ കഴിവും അഹിന്ദ എംഎൽഎമാരുടെ പിന്തുണയും ഉള്ളതിനാലാണ് അദ്ദേഹം പിടിച്ചുനിൽക്കുന്നത്. ചെറിയൊരു പിഴവ് സിദ്ധരാമയ്യയുടെ ഭാഗത്തുനിന്നുണ്ടായാൽ മുഖ്യമന്ത്രിക്കസേര പിടിച്ചെടുക്കാൻ ഉപമുഖ്യമന്ത്രിപദവിയും പി സിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചുവഹിക്കുന്ന കരുത്തനായ ഡി കെ ശിവകുമാർ തൊട്ടടുത്ത് തയ്യാറായി നിൽപ്പുണ്ട്. അതിനാൽ വളരെയേറെ സൂക്ഷിച്ചാണ് സിദ്ധരാമയ്യ ഓരോ അടിയും മുന്നോട്ടുവെക്കുന്നത്. സോണിയാഗാന്ധി നിയന്ത്രിക്കുന്ന കോൺഗ്രസ്സ് ഹൈക്കമാണ്ടിന് സിദ്ധരാമയ്യയേക്കാൾ ഏറെ പഥ്യം ഡി കെയാണ്. ഇ ഡി കേസ്സിൽ ഡൽഹിയിൽ ജയിലിലായിരുന്ന ഡി കെ പുറത്തിറങ്ങുന്ന ദിവസം സോണിയാഗാന്ധി നേരിട്ടുചെന്ന് അദ്ദേഹത്തിന് നൽകിയ സമ്മാനമാണ് പിസിസി അധ്യക്ഷപദവി. അത് അഞ്ചുവർഷം മുമ്പായിരുന്നു. ആ പദവിയിൽ നിന്ന് ഡി കെ ഇപ്പോഴും മാറിയിട്ടില്ല. മാറ്റുക അത്ര എളുപ്പവുമല്ല. ഡി കെ പലവിധത്തിൽ ഹൈക്കമാണ്ടിനെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കണമെന്നാണ് സോണിയയുടെ ആഗ്രഹം. പ്രിയങ്കയും അതാണ് ആഗ്രഹിക്കുന്നത്. എന്നാൽ രാഹുൽഗാന്ധി സിദ്ധരാമയ്യയ്‌ക്ക് ഉറച്ച പിന്തുണ നൽകിയിരുന്നു. രാഹുലിന്റെ സ്വാധീനവും ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുമാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്ത് നിലനിർത്തിപ്പോന്നത്. രാജണ്ണ ഒരു യാഥാർഥ്യം തുറന്നുപറഞ്ഞു എന്നേയുള്ളൂ. അത് രാഹുൽഗാന്ധിയ്ക്ക് എതിരായ പരാമർശമാണെന്ന് വരുത്തി ഊതിവീർപ്പിച്ച് രാഹുലിന്റെ ചെവിയിലെത്തിച്ചത് രാജണ്ണയോട് ശത്രുതയുള്ള ഒരു പ്രമുഖ നേതാവാണ്. അത് കേട്ടതും രോഷംപൂണ്ട രാഹുൽ രാജണ്ണയെ പുറത്താക്കാൻ സിദ്ധരാമയ്യയ്‌ക്ക് നിർദ്ദേശം നൽകാൻ കെ സി വേണുഗോപാലിനോട് ആവശ്യപ്പെടുകയായിരുന്നത്രെ.രാജണ്ണയോട് വിശദീകരണം ചോദിക്കാം, നിയമസഭ സമ്മേളിക്കുന്നതിനാൽ തിടുക്കത്തിൽ മറ്റു നടപടികൾ വേണ്ട, പ്രതിപക്ഷം മുതലെടുക്കും എന്നാണ് സിദ്ധരാമയ്യ കെ സിയ്‌ക്ക് മറുപടി നൽകിയത്. രാഹുൽ വല്ലാതെ ക്ഷോഭിച്ചിരിക്കുകയാണ്, താങ്കൾ അദ്ദേഹത്തോട് സംസാരിക്കൂ എന്നായിരുന്നു കെ സിയുടെ പ്രതികരണം. സിദ്ധരാമയ്യയുടെ വിശദീകരണം കേൾക്കാൻ രാഹുൽ തയ്യാറായില്ല. അയാളെ പുറത്താക്കൂ എന്നുമാത്രം പറഞ്ഞ് രാഹുൽ ഫോൺ കട്ട് ചെയ്യുകയായിരുന്നത്രെ. മുറിവേറ്റ മനസ്സോടെയാണ് സിദ്ധരാമയ്യ ആത്മസുഹൃത്തിനെ പുറത്താക്കിയത്. രാഹുലുമായുള്ള ബന്ധം മോശമായ സ്ഥിതിയ്ക്ക് രാജണ്ണ മുമ്പ് സൂചിപ്പിച്ച വിപ്ലവം കർണാടകത്തിൽ സംഭവിച്ചേക്കാം. ഡി കെ മുഖ്യമന്ത്രിയും സതീഷ് ജാർക്കിഹോളി പിസിസി അധ്യക്ഷനുമാകാനാണ് സാധ്യത. പക്ഷെ ബീഹാർ തെരഞ്ഞെടുപ്പിന് ശേഷമേ അത് നടക്കാനിടയുള്ളൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img