
ബംഗളുരു: റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനും ഗുണ്ടാനേതാവുമായ ബിക്ക്ളു ശിവു എന്ന ശിവകുമാർ ഹളസൂരു തടാകത്തിന് സമീപമുള്ള അയാളുടെ വീടിന് പരിസരത്തുവെച്ചാണ് കൊല ചെയ്യപ്പെട്ടത്. ഡ്രൈവർ ഇമ്രാൻ ഖാനുമായി സംസാരിച്ചുനിൽക്കേ എസ് യു വിയിലും ബൈക്കുകളിലുമായെത്തിയ അക്രമിസംഘം ശിവകുമാറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഡ്രൈവർക്കും പരിക്കേറ്റു. അമ്മ വിജയലക്ഷ്മിയും സഹായി ലോകേഷും നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരസംഭവം. അപ്രതീക്ഷിതമായുണ്ടായ ആക്രമണം ലോകേഷ് മൊബൈലിൽ പകർത്തിയിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന്റെ പിന്നിലെന്ന് പോലീസ് പറഞ്ഞു. 2023ൽ കിതഗനൂർ എന്ന സ്ഥലത്ത് ശിവകുമാർ ഭൂമി വാങ്ങി ചുറ്റുമതിലും ചെറിയ ഷെഡ്ഡും കെട്ടി രണ്ടു സ്ത്രീകളെ അവിടെ താമസിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രവരിയിൽ ജഗദീഷ്, കിരൺ എന്നിവർ അവിടെ എത്തി സ്ത്രീകളെ പുറത്താക്കുകയും ഭൂമി വിട്ടുകൊടുക്കാൻ ശിവകുമാറിനോട് ആവശ്യപ്പെ ടുകയും ചെയ്തു.ഇതേ തുടർന്ന്, രാഷ്ട്രീയസ്വാധീനമുപയോഗിച്ച് ചിലർ തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ശിവകുമാർ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും പലവട്ടം ഭീഷണി തുടർന്നതായി വിജയലക്ഷ്മിയുടെ പരാതിയിൽ പറയുന്നുണ്ട്. പതിനൊന്ന് കേസുകളിൽ പ്രതിയായ ശിവകുമാർ 2006 മുതൽ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. വിജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ മുൻമന്ത്രിയും കൃഷ്ണരാജപുരം എം എൽ എ യുമായ ബയരതി ബസവരാജ് അഞ്ചാംപ്രതിയാണ്. അദ്ദേഹത്തിന്റെ സഹായികളെന്ന് പോലീസ് പറയുന്ന ജഗദീഷ്, കിരൺ എന്നിവരാണ് പ്രധാന പ്രതികൾ. മറ്റു ചിലർ കൂടി പ്രതിപ്പട്ടികയിലുണ്ട്. 2018 ൽ കോൺഗ്രസ്സിൽ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ ബയരതി ബസവരാജ്, ബസവരാജ് ബൊമ്മായ് മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായിരുന്നു. തനിക്ക് സംഭവവുമായി ബന്ധമില്ലെന്ന് ബസവരാജ് പറഞ്ഞു. "രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ കേസ്സിൽ ഉൾപ്പെടുത്തിയതാണ്. നിയമപരമായി നേരിടും" ജനപ്രീതിയുള്ള നേതാവായ ബസവരാജ് വ്യക്തമാക്കി.
Photo Courtesy - Google











