
കൊച്ചി: ഒരു കുടുംബത്തിന്റെ അഭയമായിരുന്ന തട്ടുകടക്കാരനെ ബെൻസ് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിതിരിവ്. പ്രായപൂർത്തിയാകാത്ത ജഡ്ജിയുടെ മകനെ രക്ഷിക്കാൻ പൊലീസ് നടത്തിയ കള്ളക്കളി പെളിഞ്ഞതോടെ, പിതാവായ ജഡ്ജിയെയും പ്രതി ചേർത്ത് എഫ്.ഐ.ആർ പരിഷ്കരിച്ചു. മോട്ടോർ വാഹനാപകട നഷ്ടപരിഹാര കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ ജഡ്ജിയാണ് കേസിൽ രണ്ടാം പ്രതിയായിരിക്കുന്നത്. കേസ് ഇനി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ശക്തമായ പ്രതിഷേധവും മാധ്യമങ്ങളുടെ കർക്കശമായ ഇടപെടലുമാണ് അട്ടിനീക്കങ്ങൾക്ക് തടയിട്ടത്. നിയമസഭയിലെ വിമർശനങ്ങളും ആഭ്യന്തരമന്ത്രിയുടെ അതൃപ്തിയും കേസിന് പുതിയ ദിശ നൽകി. 17കാരനായ പ്ലസ്ടു വിദ്യാർത്ഥി പുലർച്ചെ ബെൻസ് കാറിൽ മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ പാഞ്ഞാണ് ഗൃഹനാഥന്റെ ജീവനെടുത്തത്. യാത്രയ്ക്കിടെ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളിൽ നിന്ന് വാഹനത്തിന്റെ ഉയർന്ന വേഗത സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
മക്കളുടെ ശക്തമായ സമരം
ജയബാലകൃഷ്ണന്റെ (55) മക്കളായ ഭദ്രകീർത്തി, ഭാഗ്യ ദർശൻ എന്നിവർ ചേർന്ന് ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ രാത്രിവരെ നീണ്ടുനിന്നു. ജഡ്ജിയെ അറസ്റ്റ് ചെയ്യുക, സസ്പെൻഡ് ചെയ്യുക, 17കാരന്റെ ജാമ്യം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. രാത്രിയോടെ മുഖ്യമന്ത്രി ഇവരുമായി ഫോണിൽ ബന്ധപ്പെടുകയും എ.ഡി.ജി.പി പി. വിജയൻ സ്ഥലത്തെത്തുമെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
അതിനിടെ, ജഡ്ജിയെ സസ്പെൻഡ് ചെയ്തേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. നടപടി ആവശ്യപ്പെട്ട് തൃശൂർ ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയതായും സൂചനയുണ്ട്.










