
കന്നഡ സിനിമയിലെ സൂപ്പർ താരമാണ് ദർശൻ തൂഗുദീപ. നാൽപത്തിയേഴുകാരനായ അദ്ദേഹത്തിന് അനേകായിരം ആരാധകരുണ്ട്. യുവാക്കളുടെ ഹരമായിരുന്ന ദർശൻ കൊലക്കേസിൽ പ്രതിയായി 2024 ജൂൺ 11 നാണ് കർണാടക പോലീസിനാൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ദർശന്റെ ആരാധകരിൽ ഒരാളായിരുന്ന ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ (33) സൂത്രത്തിൽ ബംഗളുരുവിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. ദർശന്റെ പെൺസുഹൃത്തും നടിയുമായ പവിത്ര ഗൗഡയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു എന്നതായിരുന്നു കാരണം. പവിത്ര ഗൗഡ ഒന്നാംപ്രതിയും ദർശൻ രണ്ടാംപ്രതിയുമായ കേസിൽ ദർശന്റെ സഹായികളും സുഹൃത്തുക്കളുമായ 15 മറ്റു പ്രതികളുമുണ്ട്. എല്ലാ പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാണ്. 2024 സപ്റ്റംബർ മൂന്നിന് പോലീസ് ഈ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ 2024 ഒക്ടോബർ പതിമൂന്നിന് ദർശൻ താത്കാലിക ജാമ്യം നേടിയിരുന്നു. പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. എന്നാൽ കർണാടക ഗവണ്മെന്റ് സമർപ്പിച്ച ഹരജി പരിഗണിച്ച് സുപ്രീം കോടതി കഴിഞ്ഞ വർഷം ആഗസ്റ്റ് പതിനാലിന് ദർശനും മറ്റും ജാമ്യം റദ്ദാക്കി. ദർശൻ ഉൾപ്പെടെ എല്ലാ പ്രതികളും ജയിലിലാണ്. കഴിഞ്ഞ എട്ടുമാസമായി ബംഗളുരു കോടതിയിൽ ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്. 273 സാക്ഷികളുള്ളതിൽ 15 പേരുടെ വിസ്താരമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. കേസ് നടപടികൾ വളരെ മെല്ലെയാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ദർശൻ.സുഖസുന്ദരനും സർവ്വ സ്വതന്ത്രവുമായ ഉല്ലാസജീവിതം നയിച്ചിരുന്ന സൂപ്പർ താരത്തിന് ജയിൽജീവിതം ദുസ്സഹമായിത്തീർന്നിരിക്കുകയാണ്. അയാൾ വല്ലാതെ അസ്വസ്ഥനാണ്. വല്ല വിധേനെയും പുറത്തുകടക്കാനാണ് അയാൾ ശ്രമിക്കുന്നത്. കേസ് വിസ്താരം ഇനിയും എത്രനാൾ നീളുമെന്ന് പറയാനാകില്ല. ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും പോലീസ് തുടക്കത്തിൽ തന്നെ ശേഖരിച്ച് കോടതിൽ സമർപ്പിച്ച പ്രമാദമായ കേസ്സാണിത്. ദർശനും മറ്റുപ്രതികളും ശിക്ഷിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. അതിന് മുമ്പേ കുറച്ചു ദിവസമെങ്കിൽ കുറച്ചു ദിവസം പുറത്തിറങ്ങാനാവുമോ എന്നാണ് സൂപ്പർ താരം പരിശ്രമിക്കുന്നത്.
Photo Courtesy - Google










