
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാൽ ചില ശബ്ദങ്ങളുണ്ടാക്കും എന്നല്ലാതെ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കാം എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അങ്ങനെ സംഭവിച്ചാൽ മുകേഷ് എംഎൽഎ എഴുന്നേൽക്കുമ്പോൾ യുഡിഎഫ് എംഎൽഎമാരും അതേ ശബ്ദം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
"രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും. മുകേഷ് എഴുന്നേറ്റ് നിൽക്കുമ്പോൾ യുഡിഎഫിന്റെ ഭാഗത്തുനിന്നും അത് ഉണ്ടാകും. ശശീന്ദ്രൻ എഴുന്നേറ്റ് നിൽക്കുമ്പോൾ പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊരു അനിഷ്ട സംഭവും ഉണ്ടാവില്ല. അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട കാര്യമില്ല. സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോ. ആ അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതൊക്കെ പരിശോധിക്കട്ടെ.
"രാഹുൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ കാര്യങ്ങളിലൊക്കെ പാർട്ടി വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല. ബാക്കിയൊക്കെ സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് സ്വീകരിക്കാം. ഇപ്പോൾ ഈ എടുത്ത നിലപാടിൽനിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ല." മുരളീധരൻ പറഞ്ഞു.











