
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനവും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും സംബന്ധിച്ച നിയമസഭാ ചർച്ചയിൽ ആരോഗ്യമന്ത്രി കെ മുരളീധരനും പ്രതിപക്ഷ എംഎൽഎ പി എ മുഹമ്മദ് റിയാസും തമ്മിൽ രൂക്ഷമായ വാക്‌പോര്. ആരോഗ്യവകുപ്പിൽ ഗുരുതര കെടുകാര്യസ്ഥതയുണ്ടെന്നായിരുന്നു റിയാസിന്റെ ആരോപണം. ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് എന്നായിരുന്നു മുരളീധരന്റെ നിലപാട്.
കേരളത്തിന്റെ ആരോഗ്യരംഗ മാതൃക ലോകതലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്നും, എന്നാൽ യുഡിഎഫ് സർക്കാരിന്റെ ആദ്യ 35 ദിവസത്തെ പ്രവർത്തനങ്ങൾ ആ നേട്ടങ്ങളെ പിന്നോട്ടടിക്കുന്നതായാണ് തോന്നുന്നതെന്നും റിയാസ് പറഞ്ഞു. നിപ, എബോള, ഷിഗല്ല, മലേറിയ തുടങ്ങിയ ഗുരുതര രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ സമീപനത്തെ അദ്ദേഹം വിമർശിച്ചു.
ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയമായിരിക്കുന്നതെന്നും, വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ചികിത്സാപ്പിഴവുകളും ആശങ്കയുണ്ടാക്കുന്നുവെന്നും റിയാസ് ആരോപിച്ചു. കോഴിക്കോട് ആരോഗ്യഭരണ സംവിധാനത്തിൽ പോലും പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേരളത്തിലെ ആരോഗ്യരംഗം പ്രതിപക്ഷം ചിത്രീകരിക്കുന്നത്ര പ്രതിസന്ധിയിലല്ലെന്ന് മന്ത്രി മുരളീധരൻ തിരിച്ചടിച്ചു. സർക്കാർ അധികാരത്തിലെത്തിയശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ രോഗബാധകളിലും സമയോചിതമായി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിപ രോഗിക്ക് ആവശ്യമായ റെംഡിസിവർ മരുന്ന് 24 മണിക്കൂറിനുള്ളിൽ ബഹ്റൈനിൽ എത്തിച്ച് നൽകിയതും നിലവിലെ സർക്കാരിന്റെ ഇടപെടലിന്റെ ഉദാഹരണമാണെന്ന് മന്ത്രി അവകാശപ്പെട്ടു. മുൻ സർക്കാരിന്റെ കാലത്ത് ഈ മരുന്ന് ആവശ്യത്തിന് ശേഖരിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭരണം മാറിയിട്ടും രാഷ്ട്രീയ കൂറ് പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും, ഭരണസംവിധാനത്തോട് സഹകരിക്കാത്തവർക്ക് സ്ഥാനങ്ങളിൽ തുടരാനാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.










