
മൂന്നാർ: അസം സ്വദേശിനിയായ 22കാരി കബിത ബോറയുടെ മരണത്തിൽ ദുരൂഹത നീക്കി പൊലീസ്. വിഷം കഴിച്ച് മരിച്ചെന്ന ഭർത്താവിന്റെ മൊഴി തെറ്റാണെന്നും യുവതിയെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് ജാർഖണ്ഡ് സ്വദേശി ജഗേശ്വർ കുമാർ ദാസിനെ (30) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
പഴയ മൂന്നാറിലെ ലോഡ്ജിൽ വെച്ചാണ് കബിത കൊല്ലപ്പെട്ടത്. ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്താണ് വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. രണ്ടു ദിവസമായി ഇവിടെ താമസിച്ചുവരുന്നതിനിടെയാണ് കബിതയുടെ മരണം സംഭവിച്ചത്. യുവതി വിഷം കഴിച്ച് മരിച്ചെന്നായിരുന്നു ജഗേശ്വർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും ഭർത്താവിനെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
വർഷങ്ങൾക്കു മുൻപ് കബിതയുടെ കുടുംബം മൂന്നാറിലെത്തിയതാണ്. പിതാവ് എസ്റ്റേറ്റ് തൊഴിലാളിയും മാതാവ് പഞ്ചായത്ത് ശുചീകരണ തൊഴിലാളിയുമാണ്. പഴയ മൂന്നാറിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജഗേശ്വറുമായി രണ്ടുവർഷം മുൻപായിരുന്നു കബിതയുടെ വിവാഹം. വിവാഹശേഷം ഇരുവരും മാതാപിതാക്കൾക്കൊപ്പം പെരിയവര ചോലമലയിൽ താമസിച്ചുവരികയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.










