
കൂട്ടബലാത്സംഗത്തിനിരയായെന്ന ബിജെപി പ്രവർത്തകയുടെ പരാതിയിൽ ബിജെപി നേതാവും കർണാടക നിയമസഭാംഗവുമായ മുനിരത്‌നയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നാൽപ്പതുകാരിയുടെ പരാതിയിലാണ് ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുനിരത്‌ന എംഎൽഎയെ കൂടാതെ വാസന്ത, ചെന്നകേശവ, കമൽ എന്നിവരാണ് കേസിലെ പ്രതികൾ. മുനിരത്നയുടെ മുന്നിൽവെച്ച് വാസന്തയും കമലും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തെന്നും അതിനു ശേഷം മുനിരത്ന തന്റെ മുഖത്ത് മൂത്രമൊഴിക്കുകയും മാരക വൈറസ് കുത്തിവെക്കുകയും ചെയ്തു എന്നുമാണ് യുവതിയുടെ പരാതി.
2023 ജൂൺ 11-ന് മാതിക്കെരെയിലെ ജെ.പി പാർക്കിനടുത്തുള്ള മുനിരത്‌നയുടെ ഓഫീസിൽ വെച്ചാണ് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. വാസന്തയും കമലും ചേർന്ന് ഒരു എസ്.യു.വിയിൽ തന്നെ എം.എൽ.എയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
''മുനിരത്‌ന, വാസന്ത, ചെന്നകേശവ എന്നിവർ എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ഞാൻ സഹകരിച്ചില്ലെങ്കിൽ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മുനിരത്‌നയുടെ നിർദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേർന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎൽഎ എന്റെ മുഖത്ത് മൂത്രമൊഴിച്ചു,'' അവർ പരാതിയിൽ പറഞ്ഞു.
അജ്ഞാതനായ ഒരാൾ മുറിയിലേക്ക് വന്ന് മുനിരത്‌നയ്ക്ക് ഒരു പെട്ടി കൈമാറിയെന്നും ഇതിനു പിന്നാലെ, എംഎൽഎ തന്നെ കുത്തിവെക്കുകയും സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. മുനിരത്‌നയുടെ നിർദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവർ പറയുന്നു











