01:25am 06 September 2026
NEWS
ചൂരൽമലക്കാരുടെ തട്ടുകട നഗരസഭ പൊളിച്ചുമാറ്റി; പ്രതിഷേധം ശക്തം
05/07/2025  07:44 AM IST
സുരേഷ് വണ്ടന്നൂർ
ചൂരൽമലക്കാരുടെ തട്ടുകട നഗരസഭ പൊളിച്ചുമാറ്റി; പ്രതിഷേധം ശക്തം

കൽപ്പറ്റ: കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ചൂരൽമല സ്വദേശി മുജീബിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്ന 'ചൂരൽമലക്കാരുടെ തട്ടുകട' കൽപ്പറ്റ നഗരസഭ പൊളിച്ചുമാറ്റി. ഒരു മുന്നറിയിപ്പും നൽകാതെ പുലർച്ചെ നടത്തിയ ഈ നടപടി വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.
മുണ്ടേരിയിലെ സർക്കാർ ക്വാർട്ടേഴ്സിലാണ് നിലവിൽ മുജീബും കുടുംബവും താമസിക്കുന്നത്. പീപ്പിൾസ് ഫൗണ്ടേഷൻ നൽകിയ സാമ്പത്തിക സഹായത്തോടെ, കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായി കഴിഞ്ഞ ജനുവരി രണ്ടിനാണ് തട്ടുകട ആരംഭിച്ചത്. ദിവസവരുമാനത്തിനായി തുടങ്ങിയ ഈ സംരംഭം ദുരിതബാധിതനായ മുജീബിന് വലിയൊരു ആശ്വാസമായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ, നഗരസഭ ജീവനക്കാർ കടയിലെ സാധനങ്ങൾ മുഴുവൻ എടുത്ത് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മുജീബിനും ഭാര്യ ആസ്യക്കും തട്ടുകട നിന്നിടത്ത് നിലത്ത് വിരിച്ച ഷീറ്റ് മാത്രമാണ് കാണാൻ കഴിഞ്ഞത്. കസേരകൾ, ടേബിളുകൾ, ഗ്ലാസുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയെല്ലാം നീക്കം ചെയ്തിരുന്നു. ദോശമാവ് ഉൾപ്പെടെയുള്ള വിൽക്കാൻ വെച്ച സാധനങ്ങൾ നഷ്ടപ്പെട്ടതോടെ കുടുംബം ഏറെ ദുരിതത്തിലായി.

സ്കൂൾ പരിസരത്തെ താത്കാലിക ഷെഡ്ഡുകൾ വിദ്യാർത്ഥികൾക്ക് അസൗകര്യം ഉണ്ടാക്കുന്നുവെന്നാരോപിച്ച് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ, സമീപത്തെ മറ്റ് രണ്ട് കടകൾക്കെതിരെ നഗരസഭ നടപടിയെടുത്തില്ലെന്നത് വിവേചനപരമായ സമീപനമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.

സംഭവത്തിൽ യുവജന-സന്നദ്ധ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ, പൊളിച്ചു മാറ്റിയ തട്ടുകട പുതുക്കി പണിത് അതേ സ്ഥലത്ത് പ്രവർത്തിപ്പിക്കാൻ നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്ക് അനുമതി നൽകി. വ്യാഴാഴ്ച തന്നെ തട്ടുകട പുനർനിർമ്മിക്കുകയും ചെയ്തു. വൻകിട കെട്ടിടങ്ങൾ അനധികൃതമായി ഉയരുമ്പോഴും സാധാരണക്കാർക്കെതിരെ മാത്രമാണ് നഗരസഭയുടെ നടപടികളെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img