
ദോഹ:പൊതുസ്ഥലങ്ങളിലെ ശുചിത്വക്കുറവ്, മുനിസിപ്പൽ സൗകര്യങ്ങളുടെ പോരായ്മകൾ തുടങ്ങിയ പ്രശ്നങ്ങൾ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിരീക്ഷണങ്ങളും എളുപ്പത്തിൽ അറിയിക്കാൻ 'ഔൺ' (Oun) ആപ്പിലെ 'ബലഗ്' (Ballegh) സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു.
പൊതുജനങ്ങൾക്ക് ആപ്പ് വഴി പരാതി നൽകുന്നതിന് ലളിതമായ നടപടിക്രമങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ആദ്യം നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഔൺ (Oun) ആപ്പ് ഓപ്പൺ ചെയ്യുക. തുടർന്ന് അതിലെ 'Ballegh – Raise a complaint' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷമുള്ള ഘട്ടത്തിൽ നിങ്ങളുടെ പരാതിയുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക. പരാതിയെ സംബന്ധിച്ച കൂടുതൽ വ്യക്തതയ്ക്കായി ആവശ്യമെങ്കിൽ ചിത്രങ്ങളോ മറ്റ് രേഖകളോ വിവരങ്ങൾക്കൊപ്പം സമർപ്പിക്കുക (Attachment). ഒടുവിൽ പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്.പൊതു ശുചിത്വം, പൊതു സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ, പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് 'ബലഗ്' വഴി റിപ്പോർട്ട് ചെയ്യാൻ സാധിക്കുക. കൂടാതെ മാലിന്യ നിർമ്മാർജ്ജനം, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യൽ, കീടനിയന്ത്രണം, ഡ്രെയിനേജ്-മഴവെള്ളക്കെട്ട് പരിഹാരം തുടങ്ങിയ വിവിധ സേവനങ്ങളും ഔൺ ആപ്പിൽ ലഭ്യമാണ്.
ഡിജിറ്റൽ ആപ്പ് ഉപയോഗിക്കാൻ പ്രയാസമുള്ളവർക്ക് 184 എന്ന ഏകീകൃത ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് പരാതികൾ രജിസ്റ്റർ ചെയ്യാം.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രധാന ഡിജിറ്റൽ സേവന കേന്ദ്രമായി ഔൺ ആപ്പ് മാറിയിട്ടുണ്ട്. 2025-ൽ മാത്രം 2,40,000-ത്തിലധികം സേവന അപേക്ഷകളാണ് ആപ്പ് വഴി ലഭിച്ചത്. പ്രദേശങ്ങളിലെ പ്രശ്നങ്ങൾ വേഗത്തിൽ തിരിച്ചറിയാനും നാടിന്റെ ശുചിത്വം ഉറപ്പാക്കാനും പൊതുജനങ്ങളുടെ പങ്കാളിത്തം വലിയ സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.










