07:04am 13 November 2026
NEWS
മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതരുടെ കടങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും
28/01/2026  10:05 PM IST
nila
മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതരുടെ കടങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. ദുരന്തബാധിതരുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ദുരന്തബാധിതർക്കുള്ള വിവിധ ബാങ്ക് വായ്പകൾ ഏറ്റെടുക്കുന്നതിനായി 18 കോടി 75 ലക്ഷം രൂപയിലധികം സർക്കാർ ചെലവഴിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരിക്കും ഇതിന് ആവശ്യമായ തുക വിനിയോഗിക്കുക. ആകെ 555 ഗുണഭോക്താക്കളുടെ 1620 വായ്പകളാണ് സർക്കാർ ഏറ്റെടുക്കുന്നത്.

കേരള ബാങ്ക് നേരത്തെ എഴുതി തള്ളിയ 93 ലക്ഷം രൂപ സർക്കാർ ബാങ്കിന് തിരിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു. ദുരന്തബാധിതരായ ആറ് മേഖലകളിലെ ആളുകളെയാണ് നിലവിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായവർക്ക് പരാതി നൽകാൻ അവസരം ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ സമീപനത്തെയും മന്ത്രി വിമർശിച്ചു. ദുരന്തബാധിതരുടെ വിഷയത്തിൽ കേന്ദ്രം മനുഷ്യത്വപരമല്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നും കേരളത്തോടുള്ള പ്രതികാര സമീപനമാണ് കേന്ദ്ര നടപടി വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദുരന്തം നടന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ആദ്യ സന്ദർശനത്തിൽ തന്നെ ദുരന്തബാധിതരുടെ കടബാധ്യതകളുടെ കൃത്യമായ കണക്ക് തയ്യാറാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2005-ൽ പാർലമെന്റ് പാസാക്കിയ ദുരന്തനിവാരണ നിയമം അനുസരിച്ച് കടങ്ങൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നുവെന്നും, മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽ കണ്ടപ്പോൾ ഇതുമായി ബന്ധപ്പെട്ട കത്ത് കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായി കടങ്ങൾ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട വിശദമായ ചർച്ച നടന്നതായും, ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് റദ്ദാക്കിയതായി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചതായും മന്ത്രി കെ. രാജൻ വ്യക്തമാക്കി. ദുരന്തബാധിതരുടെ വേദന മനസ്സിലാക്കി സർക്കാർ കൈകൊണ്ടത് ശുദ്ധമായ മനുഷ്യത്വപരമായ തീരുമാനമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img