02:24am 14 September 2026
NEWS
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: അനാവശ്യ വിവാദങ്ങൾ
01/02/2026  05:27 PM IST
കോയാമു കുന്നത്ത്
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: അനാവശ്യ വിവാദങ്ങൾ

മനുഷ്യമനസ്സുകളെയും, നിരവധി ജീവിതങ്ങളെയും നിശ്ചലമാക്കുകയും, ഇല്ലാതാക്കുകയും ചെയ്ത പ്രകൃതിദുരന്തത്തെ രാഷ്ട്രീയ ദുരന്തമാക്കിയും, നിയമ യുദ്ധമായും മാറ്റിയെടുത്തവർ പുനരധിവാസ പദ്ധതിയുടെ പിതൃത്വത്തിന് വേണ്ടി നടത്തുന്ന അവകാശ വാദങ്ങളും, വിവാദങ്ങളും പരിഹാസ്യമായി മാറുന്നു.

കേരളജനത കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ- ചൂരൽമലയിൽ നടന്നത്. പ്രകൃതിസൗന്ദര്യത്തിന്റെയും, നാണ്യവിളകളുടെയും അകമ്പടിയോടെ ജീവിച്ചിരുന്ന ഒരു പറ്റം മനുഷ്യരുടെ തലക്കുറി മാറ്റി എഴുതിയ ദിനമായിരുന്നു 2024 ജൂലായ് 30. അർദ്ധരാത്രി പിന്നിട്ടതോടെയും പുലരാൻ നേരത്തും ഉണ്ടായ രണ്ട് ഉരുൾ പൊട്ടലുകൾ ഇല്ലാതാക്കിയത് ഒരു കൂട്ടം മനുഷ്യരുടെ ജീവനുകൾ മാത്രമായിരുന്നില്ല. ഒരു പ്രദേശത്തെ മുഴുവൻ ഇല്ലാതാക്കിയതിന് പുറമെ ജീവിതസ്വപ്നങ്ങളും, ജീവിതോപാധിയുമായിരുന്നു. അക്ഷരങ്ങൾക്കും, വാക്കുകൾക്കും വിവരിക്കാനാവാത്ത ദുരന്തത്തിന്റെ പൂർണ്ണമായ കാൻവാസ് വരച്ച് തീർക്കുക ഇന്നും അസാധ്യമാണ്. വർഷം പിന്നിട്ടിട്ടും മോചിതരാകാത്ത ജനത, ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും പ്രസ്തുത പ്രദേശവാസികളും സമീപവാസികളും ഇനിയും മോചിതരായിട്ടില്ല. 

ദുരന്തത്തിനിരയായി തല ചായ്ക്കാനിടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി സർക്കാർ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ടൗൺഷിപ്പ് മുൻനിർത്തിയാണ് എട്ടുകാലി മമ്മൂഞ്ഞുമാരുടെ അവകാശവാദങ്ങൾ. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കൽപ്പറ്റ നഗരത്തിന് സമീപപ്രദേശത്ത് തന്നെ 64.4075 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ദുരന്തബാധിതരായവർ വിവിധ പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്ന രീതിയോട് വൈമനസ്യം കാണിക്കുകയും ഒന്നിച്ച് ജീവിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽ ആവശ്യപ്പെട്ടതോടെയാണ് രണ്ട് ടൗൺ ഷിപ്പുകൾ ആരംഭിക്കാൻ സർക്കാർ പ്രാഥമികനടപടികൾ ആരംഭിച്ചത്.
ഹാരിസൺ മലയാളം പ്ലാന്റേഷന്റെ പരിധിയിലുള്ള നെടുമ്പാല ഡിവിഷനും, കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഡിവിഷനുമായിരുന്നു കണ്ടെത്തിയത്.

 ദുരന്തത്തിന് ശേഷമുള്ള ഏതാനും ദിവസങ്ങൾ ലോകജനതയ്ക്ക് മാതൃക സൃഷ്ടിച്ച രീതിയിൽ രക്ഷാപ്രവർത്തനങ്ങളും, മറ്റും നടത്തിയ ജനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതോടെ ചേരിതിരിഞ്ഞ വാദപ്രതിവാദങ്ങൾ ഉയർത്തി. രാഷ്ട്രീയ വിവാദത്തോടൊപ്പം മതത്തിന്റെയും ജാതിയുടെയും ലേബലുകൾ ഉയർത്തിയും മറ്റ് വിവാദങ്ങൾ സൃഷ്ടിച്ചും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സംശയമുനയിൽ നിർത്താൻ പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. വയനാട് ജില്ലയിലെ മുണ്ടക്കൈ- ചൂരൽമല ഭാഗത്തുനിന്ന് 151 മൃതദേഹങ്ങളും 45 ശരീരഭാഗങ്ങളും, മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിൽ നിന്ന് 80 മൃതദേഹങ്ങളും, 178 ശരീരഭാഗങ്ങളും കണ്ടെത്തി. 

കണ്ടെത്തിയതും തിരിച്ചറിഞ്ഞതുമായ മൃതദേഹങ്ങളും, ശരീരഭാഗങ്ങളും ദുരന്ത ബാധിതരുടെ ഇഷ്ടത്തിന് അനുസരിച്ച് വിവിധ ശ്മശാനങ്ങളിൽ മറവ് ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാക്കി. പുത്തുമലയിൽ ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിൽ തിരിച്ചറിയാത്ത മൃതദേഹങ്ങളും, ശരീരഭാഗങ്ങളും ഓരോ മനുഷ്യരുടേതായി പരിഗണിച്ച് വിവിധ മതപ്രാർത്ഥനകളോടെ സംസ്‌കരിച്ചു. ഡി.എൻ.എ ടെസ്റ്റ് ഫലത്തിന്റെ ഭാഗമായി തിരിച്ചറിഞ്ഞവരുടെ ഭൗതികശരീരങ്ങൾ ഏകോദര സഹോദരങ്ങളെപ്പോലെ ഒരുമിച്ച് അടക്കം ചെയ്തത് കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദത്തിന്റെ പ്രതീകമായി ചരിത്രതാളുകളിൽ സ്ഥാനം പിടിച്ച സ്‌നേഹഭൂമിയായി മാറ്റിയിരിക്കുകയാണ്.

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിൽ ആരോഗ്യവകുപ്പും, റവന്യു വകുപ്പ് സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സേവനങ്ങളും, പ്രവർത്തനങ്ങളുടെ ഏകോപനവും ലോകചരിത്രത്തിനുതന്നെ മാതൃകയായി മാറിയിരുന്നു. ഇതേസമയം ദുരിതാശ്വാസനിധി സംബന്ധിച്ച വിവാദങ്ങൾ സകലസീമകൾ ലംഘിക്കപ്പെട്ടപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തന നേതൃത്വത്തിന് മുന്നിൽ പ്രതിഷേധങ്ങൾ നിർവീര്യമായി. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളും, സാമുദായിക മതസംഘടനകളും ചേരിതിരിഞ്ഞ് പ്രവർത്തനങ്ങൾ നടത്തിയ കാഴ്ചകൾക്കൊപ്പം പ്രകൃതിദുരന്തം കോടതി കയറുന്ന കാഴ്ചയും ജനങ്ങൾ കണ്ടു. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളുടെ നിസ്സഹകരണ മനോഭാവത്തോടൊപ്പം കേന്ദ്രസർക്കാരും അണിനിരന്നതോടെ ലോകചരിത്രത്തിൽ തന്നെ കോടതി കയറുന്ന പ്രകൃതിദുരന്തമായി മുണ്ടക്കൈ ദുരന്തം മാറി. 

രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുകയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സംശയമുനയിൽ നിർത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമത്തിനിടയിൽ ഹൈക്കോടതി തന്നെ കേസ് എടുക്കുകയും പുനരധിവാസ പദ്ധതികളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തതോടെ കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയം ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നടപടികൾ നിരവധി തവണ ഹൈക്കോടതി തന്നെ ചോദ്യം ചെയ്യുകയും രാഷ്ട്രീയ പ്രതികാര നടപടികളും, വിവേചനങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുകയും, വിമർശിക്കപ്പെടുകയും ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ദുരന്തമുഖം സന്ദർശിച്ചെങ്കിലും ഒരു രൂപ പോലും ദുരിതസഹായം പ്രഖ്യാപിച്ചില്ലെന്നത് ഇന്നും ചർച്ച വിഷയമാണ്. വയനാട് ദുരന്തത്തിൽ ഇരയായവരെ സഹായിക്കാൻ ഒരു രൂപ പോലും അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി എതിർത്ത ഹൈക്കോടതി നടപടികളെ തുടർന്ന് 520 കോടി രൂപ വായ്പയായി അനുവദിച്ച് ലോകചരിത്രത്തിൽ തന്നെ പരിഹാസ്യമായ ഇടം നേടുകയാണ് കേന്ദ്ര സർക്കാർ നടത്തിയത്. ദുരന്തത്തിനിരയായവരുടെ പേരിൽ നിലനിൽക്കുന്ന വിവിധ ബാങ്ക് വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യം ഇതെഴുതുന്നത് വരെ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. 70 കോടിയോളം രൂപ എഴുതിത്തള്ളണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ മറികടക്കാൻ നിയമഭേദഗതി പാസാക്കി മറികടക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്. 

ദുരന്തമുഖത്തെ പ്രവർത്തനങ്ങൾക്ക് എത്തിയ സൈനിക സേവനത്തിന്റെയും, ബെയ്‌ലിപാലം നിർമ്മിച്ചതിന്റെയും അടക്കം ചെലവ് 132.61 കോടി രൂപ അടിയന്തിരമായി അടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും, അടിയന്തിരമായി തിരിച്ചടയ്ക്കുന്നത് തടയുകയും ചെയ്തിരിക്കയാണ്. ചുരുക്കത്തിൽ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് പകരം നിസ്സഹകരിക്കുകയും തടസ്സപ്പെടുത്തുകയുമാണ് കേന്ദ്ര സർക്കാർ ചെയ്തത്. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന സമീപനമാണ് കേരളത്തിലെ ബി.ജെ.പിയും കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫും പല മതസംഘടനകളും ചെയ്തത്.
ദുരന്താനന്തര പ്രവർത്തനങ്ങളിലും, ദുരന്തമുഖത്തും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി സംസ്ഥാന സർക്കാർ മാതൃക സൃഷ്ടിച്ചു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ തങ്ങൾക്ക് ഒരുമിച്ച് കഴിയണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് ടൗൺഷിപ്പ് നിർമ്മാണം എന്ന ആശയം ഉയർന്നുവന്നത്. സർക്കാർ സ്ഥലം ഏറ്റെടുക്കുന്നത് തടയാൻ സാധ്യമായ എല്ലാ തടസവാദങ്ങളും, നിയമനടപടികളും ഉയർന്നുവന്നു. പരിസ്ഥിതി പ്രശ്‌നങ്ങൾ, തൊഴിൽ പ്രശ്‌നങ്ങൾ, സാങ്കേതിക പ്രശ്‌നങ്ങൾ തുടങ്ങിയവ ഉയർത്തി സർക്കാരിന്റെ ടൗൺഷിപ്പ് നിർമ്മാണം തടസ്സപ്പെടുത്തുന്നതിനും, കാലതാമസം വരുത്തുന്നതിനും ഉള്ള രാഷ്ട്രീയ കാപട്യത്തെയും, തോട്ടം ഉടമകളുടെ അവകാശവാദങ്ങളെയും സർക്കാർ ഹൈക്കോടതി തീരുമാനങ്ങളുടെ പിൻബലത്തോടെ നേരിടുകയായിരുന്നു.

ഹൈക്കോടതി നിരീക്ഷണങ്ങളുടെയും നിർദ്ദേശങ്ങളുടെയും പിൻബലത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പിൻബലത്തോടെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ആധുനിക സംവിധാനത്തോടെയുള്ള ടൗൺഷിപ്പ് ഉയർന്നുവന്നതോടെയാണ് എട്ട് കാലി മമ്മൂഞ്ഞുമാർ അവകാശവാദങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

മുണ്ടക്കൈ ദുരന്തം മുൻനിർത്തി കോൺഗ്രസും നൂറ് വീടുകളും, ലീഗ് നൂറ് വീടുകളും, യൂത്ത് കോൺഗ്രസ്(ഐ)30 വീടുകളും നിർമ്മിച്ചുനൽകുമെന്ന് വാഗ്ദാനം നൽകി പിരിച്ച പണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അവരുടെ രാഷ്ട്രീയ വിശ്വാസ്യത തന്നെ തകർത്തിരിക്കയാണ്. ദുരന്തം മുൻനിർത്തി കോൺഗ്രസ് പിരിച്ച തുകയും, യൂത്ത് കോൺഗ്രസ് പിരിച്ച തുകയെത്രയെന്നുപോലും വ്യക്തമാക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. യൂണിയൻ മുസ്ലീം ലീഗ് പിരിഞ്ഞ് കിട്ടിയ മൊത്തം തുകയുടെ കണക്ക് പ്രഖ്യാപിച്ചിട്ടില്ല. യൂണിയൻ ലീഗുകാർ 102 വീടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. എട്ട് ഏക്കറിൽ താഴെ വരുന്ന സ്ഥലത്താണ് വീടുകൾ നിർമ്മിക്കുന്നത്. മേപ്പടി പഞ്ചായത്തിലെ വെള്ളിത്തോട് പ്രദേശത്ത് രണ്ട് പ്ലോട്ടുകളിലായാണ് വീട് നിർമ്മാണം. പ്രദേശത്ത് സ്ഥലത്തിന് സെന്റിന് 40,000 രൂപയിൽ താഴെ വിലവരുന്ന സ്ഥലം സെന്റിന് 1.23000 രൂപ വിലയ്ക്കാണ് സ്ഥലം വാങ്ങിയതെന്നാണ് രേഖകൾ കാണിക്കുന്നത്. സ്ഥലം ഇടപാടിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന ആരോപണം നിലനിൽക്കുന്നതിനിടയിലാണ് ധൃതഗതിയിൽ വീട് നിർമ്മാണം നടക്കുന്നത്. കോൺഗ്രസ് ഐയാവട്ടെ മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ 3.50 ഏക്കർ സ്ഥലം വാങ്ങി നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുന്നു. പിരിച്ച ഫണ്ട് മുക്കിയെന്ന ആരോപണം സംസ്ഥാന വ്യാപകമായി ഉയർന്നതോടെയാണ് മൂന്ന് ഏക്കർ സ്ഥലം വാങ്ങിയിട്ടുള്ളത്. ഇവിടെ 100 വീടുകൾ നിർമ്മിക്കുമെന്നാണ് വാഗ്ദാനം. ദുരന്തവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസും, കോൺഗ്രസും നടത്തിയ ഫണ്ട്പിരിവ് സംബന്ധിച്ച കണക്ക് പുറത്തുവിടാൻ ഇതെഴുതുന്നതുവരെ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ അവകാശവാദം ഉന്നയിച്ച് ബി.ജെ.പിയും കോൺഗ്രസും രംഗത്തുവന്ന് പരിഹാസ്യരായിട്ടുള്ളത്.

ദുരന്തത്തിനിരയായ 402 കുടുംബങ്ങൾ ഏഴ് സെന്റ് സ്ഥലവും ആയിരം സ്‌ക്വയർ  ഫീറ്റ് വിസ്തൃതിയുള്ള വീടും നിർമ്മിച്ച് നൽകാനാണ് സർക്കാർ തീരുമാനം. മേപ്പടി പഞ്ചായത്തിലെ 1084 കുടുംബങ്ങളെയാണ് ദുരന്തബാധിതരായി കണക്കാക്കിയിട്ടുള്ളത്. ഇവരിൽ 4636 അംഗങ്ങളുണ്ട്. വീട് ഉൾപ്പെടെയുള്ള പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട 402 വീടുകളുടെ നിർമ്മാണ പ്രവർത്തിയാണ് നടക്കുന്നത്. 300 ഓളം വീടുകളുടെ പ്രധാന വാർപ്പ് അടക്കം പൂർത്തീകരിച്ചു. സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ആഗ്രഹിക്കാത്ത 104 പേർ 15 ലക്ഷം രൂപ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇതോടെ സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ഇപ്പോൾ ഉൾപ്പെട്ടവരുടെ എണ്ണം 325 ആയി മാറും. ദുരന്തത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 813 പേർക്ക് ആറായിരം രൂപ വീതം വാടക നൽകിയിരുന്നു. കൂടാതെ കുടുംബത്തിലെ രണ്ടുപേർക്ക് ജീവനോപാധിയെന്ന നിലയ്ക്ക് 9000 രൂപയും നൽകിവരുന്നുണ്ട്. സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതുവരെ വീടുവാടകയും, അതിജീവനപണവും നൽകാനാണ് തീരുമാനം. വാടകയും അതിജീവന തുകയും കൂടാതെ വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ തൊഴിൽ സാധ്യതകളടക്കം സർക്കാർ ചെയ്തുവരുന്നുണ്ട്.

ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ചുമതല ഊരാലുങ്കൽ സഹകരണ സംഘത്തിനാണ്. വിപുലമായ സംവിധാനങ്ങളോടൊപ്പം ടൗൺഷിപ്പിന് ചേർന്ന 5 ഏക്കർസ്ഥലം കെ.എസ്.ഇ.ബിക്ക് സബ്‌സ്റ്റേഷൻ നിർമ്മാണത്തിന് വിട്ടുനൽകിയിട്ടുണ്ട്. 5 ഏക്കർ സ്ഥലം കൽപ്പറ്റ ഗവ. ആശുപത്രിക്കും, നഗരത്തിലുള്ള എൽ.പി. സ്‌ക്കൂൾ മാറ്റി സ്ഥാപിക്കുന്നതിന് രണ്ട് ഏക്കർ ഭൂമിയും വിട്ടുനൽകുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള ടൗൺഷിപ്പിന്റെ നിർമ്മാണം അതിവേഗം പൂർത്തീകരിക്കുന്ന ഘട്ടത്തിലാവുകയും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭാഗികമായി ഗുണഭോക്താക്കൾക്ക് നൽകുമെന്ന ഘട്ടം വന്നതോടെ ടൗൺഷിപ്പിന്റെ നിർമ്മാണത്തിന്റെ തലതൊട്ടപ്പന്മാരായി കോൺഗ്രസ് എം.എൽ.എ സിദ്ധിഖ് രംഗത്തിറങ്ങി. തൊട്ടുപുറകെ അവകാശവാദവുമായി പ്രതിപക്ഷനേതാവും രംഗത്തെത്തിയതോടെ ബി.ജെ.പി നേതാക്കൾ കേന്ദ്ര സർക്കാർ നൽകിയ പണം കൊണ്ടാണ് ടൗൺഷിപ്പ് നിർമ്മാണം നടത്തുന്ന അവകാശവാദത്തിനൊപ്പം പ്രധാനമന്ത്രി മോദിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന വിചിത്രവാദവും ഉയർത്തി. 

ഇതേസമയം സ്ഥലം എം.പിയായ പ്രിയങ്കഗാന്ധി ഒരു രൂപ പോലും ടൗൺഷിപ്പ് നിർമ്മാണത്തിനായി എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ചില്ലെന്നതും പകരം ദുരന്തബാധിതരെ സന്ദർശിക്കുന്ന പടങ്ങൾ അച്ചടിച്ച് 1000 കലണ്ടറുകൾ മണ്ഡലത്തിൽ വിതരണം നടത്തിയതും ദുരന്തബാധിതരെയെയും ജില്ലയിലെ വോട്ടർമാരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് സി.പി.ഐ (എം) പ്രതിരോധിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെ എതിർത്ത ബി.ജെ.പിയും കോൺഗ്രസും ടൗൺഷിപ്പ് നിർമ്മാണത്തിന്റെ അവകാശവാദം ഉയർത്തി രംഗത്തുവന്നതിനെ ജനങ്ങൾ പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിനോട് ഉപമിച്ചാണ് നേരിടുന്നത്. കർണ്ണാടക സർക്കാർ 100 വീട് നിർമ്മിക്കുന്നതിന് ആവശ്യമായ പണം നൽകുന്നത് ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് നേതൃത്വത്തിനെതിരെ 20 വീടുകൾ നൽകാൻ തീരുമാനിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ 100 വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ പണം മുഖ്യമന്ത്രിയെ ഏൽപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രതിരോധിക്കുന്നത്. സ്ഥലം എം.എൽ.എയായ സിദ്ധിഖ് 50,000 രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ടെന്നും, അതുകൊണ്ട് ടൗൺഷിപ്പിന്റെ നിർമ്മാണത്തിൽ അവകാശമുണ്ടെന്ന വിചിത്ര പരിഹാസവാദം ഉയർത്തി രംഗത്ത് വന്നതുകാരണം കോൺഗ്രസ് പിരിച്ച ഫണ്ട് മുക്കിയെന്ന ആരോപണത്തോടൊപ്പം കണക്ക് വ്യക്തമാക്കണമെന്ന ആവശ്യവും ഉയർന്നതോടെ മലക്കം മറിഞ്ഞ് മുഖം രക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എട്ടുകാലി മമ്മൂഞ്ഞുമാരുടെ അവകാശവാദങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ലോകചരിത്രത്തിൽ തന്നെ ഇടംനേടുന്ന രീതിയിൽ പുനരധിവാസ പദ്ധതികളും, ടൗൺഷിപ്പ് നിർമ്മാണവും പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് എൽ.ഡി.എഫ് സർക്കാർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img