03:29pm 02 September 2026
NEWS
മുസ്ലിംലീഗ് പുനഃസംഘടന - ഒരാൾക്ക് ഒരു പദവി മാത്രം : മുനവ്വറലി തങ്ങൾ രാജ്യസഭാ എം.പി ആയേക്കും
01/09/2026  10:19 AM IST
നെല്ലിക്കുത്ത് ഹനീഫ
മുസ്ലിംലീഗ് പുനഃസംഘടന - ഒരാൾക്ക് ഒരു പദവി മാത്രം : മുനവ്വറലി തങ്ങൾ രാജ്യസഭാ എം.പി ആയേക്കും

ഏറെക്കാലമായി ഇടയ്ക്കിടെ പ്രഖ്യാപിച്ച് കൊണ്ടിരുന്ന 'ഒരാൾക്ക് ഒരു പദവി' നയം നടപ്പാക്കുന്നിനായി മുസ്ലിംലീഗ് അഴിച്ച് പണിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കുമെന്ന് പാർട്ടി നേതൃത്വം പറയുന്നു. ഇതുവഴി പല നേതാക്കൾക്കും പാർട്ടി പദവികൾ ഒഴിയേണ്ടി വരും. പ്രായോഗിക തലത്തിൽ ഇത് എത്രത്തോളം നടപ്പാക്കാനാകും എന്നതും കണ്ടറിയേണ്ടതുമാണ്. പാർലമെന്ററി രംഗത്തുള്ളവരോട് പാർട്ടി പദവികൾ ഒഴിയാൻ സംസ്ഥാന പ്രസിഡണ്ട് സാദിക്കലി തങ്ങൾ ഇതിനോടകം നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടിയെ താഴേതട്ട് മുതൽ ശക്തിപ്പെടുത്തുന്നതിനും, യുവാക്കൾക്കും, വനിതകൾക്കുമായി കൂടുതൽ അവസരം നൽകുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് പറയുന്നു. ഇതും പ്രകാരം മന്ത്രിമാർക്കും, എം.എൽ.എ മാർക്കും പുറമെ,  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും, ഉപാധ്യക്ഷരും, സ്ഥിരംസമിതി അധ്യക്ഷരായവരും വഹിക്കുന്ന പാർട്ടി പദവികൾ ഒഴിയേണ്ടതായി വരും. ഇതിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് പദവി ഒഴിഞ്ഞിട്ടുണ്ട്. 

അതേസമയം ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിലും, സംസ്ഥാന കോർ കമ്മറ്റിയംഗം എന്ന നിലയിലും പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഈ നിബന്ധനയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള എല്ലാ ചുമതലകളും കുഞ്ഞാലിക്കുട്ടി തുടർന്നേക്കും. പദവികൾ ഒഴിയുന്ന മുതിർന്ന നേതാക്കളെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി നില നിർത്തി അർഹരായവർക്ക് പരിഗണന നൽകും. 

പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും, സംസ്ഥാന ഭരണത്തിൽ കൂടുതൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന്റേയും ഭാഗമാണ് 'ഒറ്റപ്പദവി' നയം കർശനമാക്കുന്നതെന്ന് നേതൃത്വം പറയുന്നു. പുതിയ തലമുറയ്ക്ക്  സംഘടനാ നേതൃത്വത്തിലേക്ക് അവസരം നൽകുക എന്നതും ഇത് വഴി ലക്ഷ്യമിടുന്നതായി നേതൃത്വം പറയുന്നു. മുസ്ലിംലീഗ് പുനഃസംഘടനയുടെ ഭാഗമായി നടക്കുന്ന ഒറ്റപ്പദവി നയത്തിനെ അനുകൂലിച്ച് കൊണ്ട് ലീഗണികൾ പ്രതികരിക്കുമ്പോൾ, സോഷ്യൽ മീഡിയായിൽ വലിയ തോതിലുള്ള എതിർ സ്വരങ്ങളും ഉയരുന്നുണ്ട്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിക്കലി തങ്ങൾ ആലങ്കാരികമായി കൊണ്ട് നടക്കുന്ന 'മേൽഖാസി' സ്ഥാനം സ്വമേധയാ ഒഴിഞ്ഞ് മാതൃക കാണിക്കണമെന്നും, മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്ന നിലവിലെ രീതി ഇല്ലാതാക്കി, ഏതെങ്കിലും ഒന്നിൽ മാത്രം നിലകൊള്ളണമെന്നും, ഒന്നുകിൽ രാഷ്ട്രീയം, അല്ലെങ്കിൽ മതനേതൃത്വം. അതാണ് ഏറ്റവും വലിയ ശരിയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഖാദി സ്ഥാനവും, മുസ്ലിംലീഗ് പ്രസിഡണ്ട് പദവിയും സാദിക്കലി തങ്ങൾ  ഒന്നിച്ച് വഹിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല. ഖാദി സ്ഥാനം മുസ്ലിം മതപണ്ഡിതൻമാർക്ക് വിട്ട് നൽകി, സാദിക്കലി തങ്ങൾ ലീഗധ്യക്ഷന്റെ സ്ഥാനം മാത്രം കയ്യാളുന്നതാണ് ഉചിതമെന്ന് മത സംഘടനാ വക്താക്കളും പറയുന്നു. 

ഉപകാര സ്മരണയും പ്രതിഷേധവും

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനെ സഹായിച്ചതിനുള്ള ഉപകാര സ്മരണ എന്ന നിലയിൽ, ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി നേതാവ് അഷ്‌റഫിനെ വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ മുസ്ലിംലീഗിനുള്ളിൽ വൻ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിൽ തന്നെ നിയമനം വേണമെന്ന് മുസ്ലിംലീഗ് നേതൃത്വവുമായി നേരത്തെ ജമാഅത്തെ ഇസ്ലാമി വാക്ക് ഉറപ്പിച്ചതായും, അതും പ്രകാരം ജമാഅത്തെ ഇസ്ലാമി നേതൃത്വം നേരിട്ട് ഇടപെട്ടാണ് ഈ നിയമനം നേടിയെടുത്തതെന്നും പറയുന്നു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പ്രാതിനിധ്യം നൽകുന്നില്ലെന്ന് പറഞ്ഞ് യൂത്ത്‌ലീഗ്, എം.എസ്.എഫ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയെങ്കിലും, തൊട്ടു പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം ഉണ്ടാകുന്നത്. മാത്രമല്ല, രണ്ട് കോൺഗ്രസ്സ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കൂടി ജമാഅത്ത് ഇസ്ലാമി നേതാക്കൾക്ക് നിയമനം നൽകാൻ നീക്കം നടക്കുന്നതായും പറയുന്നുണ്ട്. ഇതും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ധാരണയുടെ ഭാഗമാണെന്നാണ് ലഭ്യമാകുന്ന വിവരം.

മന്ത്രി ഷംസുദ്ദീന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ്,  മുസ്ലിംലീഗ് മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ നേരിൽ കണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എസ്.ഐ.ഒ നേതാവായിരുന്ന സമയത്ത് അഷ്‌റഫ് കാമ്പസ്സുകളിൽ എം.എസ്.എഫ് പ്രവർത്തകർക്കെതിരെ നില കൊള്ളുകയും, മുസ്ലിംലീഗിനെതിരെ ശക്തമായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ്. ഇത്തരത്തിലുള്ള ഒരാളെ മുസ്ലിംലീഗ് മന്ത്രിയുടെ സ്റ്റാഫിൽ നിയമിച്ചതിലുള്ള അമർഷം ലീഗ് നേതൃത്വത്തെ ഇവർ നേരിൽ അറിയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടന 'സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ' (എസ്.ഐ.ഒ) മുൻ മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്ന അഷ് റഫ് കൊണ്ടോട്ടി-മേലങ്ങാടി സ്വദേശിയാണ്. നേരത്തെ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇയാൾ നിലവിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മറ്റിയംഗവുമാണ്.

കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്റ്റാഫ് നിയമനത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാകുമെന്നും, പാർട്ടിയുടെ പോഷക സംഘടനകളെ പരിഗണിക്കുമെന്നും മുസ്ലിംലീഗ് നേതൃത്വം കീഴ്ഘടകങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് നടപ്പാക്കുന്നതിനായി ജനറൽ സെക്രട്ടറി പി.എം.എ സലാം, റഷീദലി തങ്ങൾ എന്നിവർ ഉൾപ്പെട്ട സമിതിയെ നിയോഗിക്കുകയും ചെയ്തതാണ്. പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ കൃത്യമായി പരിശോധിച്ച ശേഷമാണ് നിയമനത്തിനായുള്ള പട്ടിക തയ്യാറാക്കിയതും. മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി നൽകിയ പട്ടികയിൽ ഉൾപ്പെട്ട ഷരീഫ് സാഗർ, യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ലിസ്റ്റിലുള്ള ഗഫൂർ കോൽക്കളത്തിൽ, കെ.സി ശിഹാബ്, മലപ്പുറം ജില്ലാ കമ്മറ്റി നൽകിയ അബ്ദുല്ല വാവൂർ, അഡ്വ. ആരിഫ്, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നൽകിയ നൗഫൽ കുളപ്പട, ഫിറോസ് പള്ളത്ത്, വി.എ വഹാബ്, കെ.യു ഹംസ, കെ.എസ.ടി.യു സംസ്ഥാന കമ്മറ്റി നൽകിയ അബ്ദുല്ല, ഡോ. അൻവർ ഷാഫി, സംസ്ഥാന ഓഫീസ് സെക്രട്ടറി സക്കീർ, മലപ്പുറം ജില്ലാ ഓഫീസ് സെക്രട്ടറി റിയാസ് എന്നീ പേരുകളെല്ലാം വെട്ടി ഒതുക്കി ഇതിൽ നിന്ന് ഒരാളെ പോലും സ്റ്റാഫ് നിയമനത്തിൽ പരിഗണിച്ചില്ല എന്നതാണ് കൗതുകം. അധികാരത്തിൽ എത്തിയപ്പോൾ സമരവഴിയിൽ കേസ്സുകളിൽ അകപ്പെട്ട പ്രവർത്തകരെ അവഗണിക്കുകയാണ് എന്ന് യൂത്ത്‌ലീഗ് മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ.സി ഷരീഫ് സോഷ്യൽ മീഡിയായിലൂടെ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഇത് സംബന്ധിച്ച് പറയുന്ന കാര്യവും വിചിത്രമാണ്. അഷ്റഫിന്റെ ബയോഡാറ്റ ലഭിച്ചപ്പോൾ, യോഗ്യനാണെന്ന് തോന്നിയത് കൊണ്ടാണ് നിയമനം നൽകിയതെന്നും, അയാളുടെ പിന്നാമ്പുറ പശ്ചാത്തലം പരിശോധിച്ചില്ലെന്നുമാണ് മന്ത്രി നൽകുന്ന വിശദീകരണം. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് എം.എസ്.എഫ്, യൂത്ത്‌ലീഗ് തുടങ്ങിയ പോഷക സംഘടനകളിൽ നിന്ന് ആരെയും പരിഗണിക്കുന്നില്ലെന്ന് നേരത്തെ മലപ്പുറത്ത് ചേർന്ന യൂത്ത്‌ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ലീഗ് മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. അഞ്ച് മന്ത്രിമാരേയും വിളിച്ച് വരുത്തി ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം തേടണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. 

മുനവ്വറലി തങ്ങൾ 

അടുത്ത ഏപ്രിലിൽ പി.വി അബ്ദുൽ വഹാബിന്റെ രാജ്യസഭാ കാലാവധി അവസാനിക്കും. വീണ്ടും ഒരങ്കത്തിന് ഇറങ്ങാൻ അദ്ദേഹത്തിന് താത്പ്പര്യമില്ല എന്നാണറിയുന്നത്. നേതൃ ദാരിദ്ര്യമില്ലാത്ത മുസ്ലിംലീഗിൽ, പകരക്കാരായി എം.പി സ്ഥാനേത്തയ്ക്ക് കണ്ണ് നട്ടിരിക്കുന്നവർ ഒട്ടേറെയാണ്. പല പേരുകളും കേൾക്കുന്നുമുണ്ട്. അടുത്ത ഏപ്രിൽ 23-ന് കാലാവധി പൂർത്തിയാക്കുന്ന പി.വി വഹാബിന് പകരക്കാരനായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ പരിഗണിക്കണമെന്ന നിർദ്ദേശം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. പി.എം.എസ്.എ പൂക്കോയ തങ്ങളിൽ തുടങ്ങി മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങൾ എന്നിവർക്ക് ശേഷം സാദിക്കലി തങ്ങളിൽ എത്തി നിൽക്കുകയാണ് മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ടുമാർ. ഇടയ്ക്ക് ശിഹാബ് തങ്ങൾ അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ പ്രസിഡണ്ടിന്റെ ചുമതല ഉമറലി ശിഹാബ് തങ്ങൾ വഹിച്ചിരുന്നു. അപ്രകാരം 5 പേർ പാണക്കാട് നിന്ന് ലീഗിന്റെ പരമാധികാരികളായി. നീണ്ട 52 വർഷമായി തുടരുന്നതാണിത്. ഈ കാലയളവിനുള്ളിൽ മുസ്ലിം ലീഗിന് മുഖ്യമന്ത്രിയെ കിട്ടി,  ഉപ മുഖ്യമന്ത്രിയെ കിട്ടി, കേന്ദ്ര മന്ത്രിയെ കിട്ടി, സ്പീക്കറെ കിട്ടി, കുറേയേറെ മന്ത്രിമാരേയും കിട്ടി. അതേസമയം പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്ന് ഇന്നോളം ഒരു പഞ്ചായത്ത് മെമ്പർ പോലും ഉണ്ടായിട്ടില്ല. 

പാണക്കാട് തങ്ങൻമാർ അധികാരത്തിൽ നിന്ന് അകന്ന് നിൽക്കുന്നവരാണ് എന്നാണ് മുസ്ലിംലീഗ് അവരെ വിശേഷിപ്പിക്കാറുള്ളതും. പാണക്കാട് തങ്ങൾ കുടുംബത്തിലുള്ളവർ നേതൃത്വത്തിലേക്ക് കേറി വരുന്നതിന് പാർട്ടിയിൽ ഒരു കീഴ്‌വഴക്കമുണ്ട്. മലപ്പുറം മണ്ഡലം പ്രസിഡണ്ട് പിന്നീട് ജില്ലാ പ്രസിഡണ്ടാകും. ആ ജില്ലാ പ്രസിഡണ്ട് പിന്നീട് സംസ്ഥാന പ്രസിഡണ്ടുമാകും. എന്നാൽ ഈ കീഴ്‌വഴക്കത്തിലൂടെ മുനവ്വറലി തങ്ങൾക്ക് നേതൃ നിരയിലേക്ക് ഇപ്പോൾ എത്താനാകില്ല. അതിനുള്ള അവസരവും ഇപ്പോഴില്ല. നിലവിൽ മലപ്പുറം മണ്ഡലം പ്രസിഡണ്ട് പാണക്കാട് റഷീദലി തങ്ങളും, മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ബാസലി തങ്ങളും, സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിക്കലി തങ്ങളുമാണ്. അതോടൊപ്പം യൂത്ത്‌ലീഗിൽ മുനവ്വറലി തങ്ങളുടെ കാലം കഴിയുകയാണ്. അദ്ദേഹത്തിന് പ്രവർത്തിക്കാൻ മറ്റ് പദവികളും ഇപ്പോൾ പാർട്ടിയിൽ നിലവിലില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പാണക്കാട് കുടുംബാംഗങ്ങൾ  പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടവരല്ല എന്ന അഭിപ്രായം ഉന്നയിക്കുന്നവരുണ്ട്. 11 വർഷക്കാലം യൂത്ത്‌ലീഗിനെ നയിച്ച് കഴിവ് തെളിയിച്ച ആളെന്ന നിലയിലും, മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനെന്ന നിലയിലും മുനവ്വറലി തങ്ങൾ യോഗ്യനാണെന്നും പാർട്ടിയിൽ ഒരു വിഭാഗം സമർത്ഥിക്കുന്നു. മുനവ്വറലി തങ്ങൾ രാജ്യസഭാ എം.പി ആവുകയാണെങ്കിൽ അതൊരു ചരിത്രമായി അവതരിപ്പിക്കപ്പെടും എന്നതാണ് വസ്തുത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img