
കൊച്ചി: സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്ന മകളുടെ പരാമർശത്തെ തിരുത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് എന്ന പരിപാടിയിലായിരുന്നു സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് പറഞ്ഞത്. സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണെന്നും, സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് പറയുന്നില്ലെന്നും ഫാത്തിമ നർഗീസ് പറഞ്ഞിരുന്നു. സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി മാറണമെന്നും പള്ളി പ്രവേശനം വുമൺ റെവലൂഷന്റെ ഭാഗം കൂടിയാണെന്നും പറഞ്ഞ ഫാത്തിമ നർഗീസ്, വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാമെന്നും കൂട്ടിച്ചേർത്തിരുന്നു. ഫാത്തിമ നർഗീസിന്റെ പരാമർശങ്ങൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചതോടെയാണ് മകളുടെ പരാമർശത്തെ തിരുത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തന്റെ നിലപാട് വ്യക്തമാക്കിയത്.
മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.'കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി താൻ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു'വെന്ന് മുനവ്വറലി തങ്ങൾ കുറിച്ചു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം
ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസ്സുള്ള വിദ്യാർത്ഥിനിയായ എൻ്റെ മകൾ ഫാത്തിമ നർഗീസ് നൽകിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്.
കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തിൽ മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.
ആ മറുപടി, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യർത്ഥന.
കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.











