പതിനാറുകാരനുമായി നിരന്തരം ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപികക്ക് ജാമ്യം

പതിനാറുകാരനുമായി നിരന്തരം ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപികക്ക് ജാമ്യം നൽകി കോടതി. മുംബൈയിലെ പ്രമുഖ സ്കൂളിലെ അധ്യാപികയെ കഴിഞ്ഞ മാസമാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. എന്നാൽ, അധ്യാപികയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ആൺകുട്ടിക്ക് 16 വയസിന് മുകളിൽ പ്രായമുണ്ടെന്നും പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നും ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യൽ കോടതി ജഡ്ജി സബീന മാലിക് ജാമ്യം അനുവദിച്ചത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് ആകർഷിച്ച് മദ്യം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിലേറെയായി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കഴിഞ്ഞ മാസമാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യാപേക്ഷയിൽ, ആൺകുട്ടിക്ക് തന്നോട് വൈകാരികമായി അടുപ്പമുണ്ടെന്നും തന്നെ "ഭാര്യ" എന്ന് വിശേഷിപ്പിച്ചതായും അവർ പറഞ്ഞു. വിദ്യാർഥി തനിക്ക് സ്നേഹ സന്ദേശങ്ങളും കുറിപ്പുകളും അയച്ചിട്ടുണ്ടെന്നും ശരീരത്തിൽ തന്റെ പേര് പച്ചകുത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. പോലീസ് പരാതിയിൽ നിന്ന് ഈ വസ്തുതകൾ മനഃപൂർവ്വം ഒഴിവാക്കിയതാണെന്നും അവർ ആരോപിച്ചു. ആൺകുട്ടിയിൽ നിന്ന് അകലം പാലിക്കാൻ 2024 ഏപ്രിലിൽ സ്കൂളിൽ നിന്ന് രാജിവച്ചതായും ജാമ്യാപേക്ഷയിൽ പറയുന്നു.
പോക്സോ നിയമപ്രകാരമുള്ള കേസുകൾക്കായുള്ള പ്രത്യേക കോടതിയാണ് യുവതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന കഴിഞ്ഞ വർഷം അധ്യാപിക സ്കൂളിൽ നിന്നും രാജിവെച്ചിരുന്നു. അതിനാൽ തന്നെ വിദ്യാർഥി-അധ്യാപിക ബന്ധം അവിടെ ഉണ്ടായിരുന്നില്ലെന്നും വിശദമായ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. വിചാരണ ആരംഭിക്കാൻ സമയമെടുക്കുമെന്നും അതിനാൽ കുറ്റാരോപിതയായ സ്ത്രീയെ അത്രയും കാലം ജയിലിൽ അടച്ചിടുന്നത് ഒരു ലക്ഷ്യവും നിറവേറ്റില്ലെന്നും ജഡ്ജി സബീന മാലിക് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണെന്നുകൂടി പരിഗണിച്ചാണ് കോടതി സ്ത്രീക്ക് ജാമ്യം അനുവദിച്ചത്.











