10:38pm 29 June 2026
NEWS

ഭാര്യ വിട്ടുപോയതിന്റെ പ്രതികാരം ലോകത്തോട്; മുഹറം റാലിയിൽ വിഷക്യാപ്സ്യൂൾ വിതരണം ചെയ്ത യുവാവിന്റെ ഞെട്ടിക്കുന്ന മൊഴി

29/06/2026  07:17 PM IST
nila
 ഭാര്യ വിട്ടുപോയതിന്റെ പ്രതികാരം ലോകത്തോട്; മുഹറം റാലിയിൽ വിഷക്യാപ്സ്യൂൾ വിതരണം ചെയ്ത യുവാവിന്റെ ഞെട്ടിക്കുന്ന മൊഴി

മുംബൈ: ദക്ഷിണ മുംബൈയിൽ നടന്ന ഷിയാ സമൂഹത്തിന്റെ മുഹറം റാലിക്കിടെ വിഷം കലർത്തിയ ക്യാപ്സ്യൂളുകൾ വിതരണം ചെയ്ത് കൂട്ടക്കൊല നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ മൊഴി ഞെട്ടിക്കുന്നതാണ്. പുണെ സ്വദേശിയായ ഫയാസ് പ്രേംജി, ഭാര്യ ഉപേക്ഷിച്ചുപോയതിന്റെ പ്രതികാരമായി ലോകത്തോട് പക തീർക്കാനാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

വേദനസംഹാരികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ റാലിയിൽ പങ്കെടുത്തവർക്കിടയിൽ വിഷക്യാപ്സ്യൂളുകൾ വിതരണം ചെയ്തത്. നിരവധി പേർ ഇവ കഴിച്ചശേഷം ഛർദി, അസ്വസ്ഥത, ബോധക്ഷയം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായി പോലീസ് അറിയിച്ചു.

ഏകദേശം 15,000 പേരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാഹജീവിതം തകർന്നതോടെ ലോകം തന്നെതിരായിപ്പോയെന്ന തോന്നലാണ് ഇത്തരമൊരു ക്രൂരനീക്കത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

പ്രതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ അമ്മയും സഹോദരിയും ഇറാനിൽ താമസിക്കുന്നവരാണെന്നും, വിദേശബന്ധങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിനായി മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഫയാസ് മുമ്പ് ഇറാഖിലും ഇറാനിലും ജോലി ചെയ്തിരുന്നതായും സഹോദരി അവിടെ ഡോക്ടറായി പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതിയുടെ കൈവശം നിന്ന് സിങ്ക് ഫോസ്ഫൈഡ് നിറച്ച 14,000 ക്യാപ്സ്യൂളുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതിനുപുറമെ 30,000 ഒഴിഞ്ഞ ക്യാപ്സ്യൂളുകളും 50 കിലോ സിങ്ക് ഫോസ്ഫൈഡും ഓൺലൈനായി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. ഓരോ ക്യാപ്സ്യൂളിലും ഒരു ഗ്രാം വീതം വിഷപദാർഥം നിറച്ച് വെള്ളിയാഴ്ച മാത്രം ഏകദേശം 14,000 ക്യാപ്സ്യൂളുകൾ തയ്യാറാക്കിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img