06:48pm 12 November 2026
NEWS
യുവതി മസാജ് ചെയ്യാൻ തീരുമാനിച്ചത് തോളുവേദനയ്ക്ക് ആശ്വാസം തേടി; മസാജ് സെന്ററിലെ ജീവനക്കാരി തെറിവിളിയും തല്ലുമായി കട്ടക്കലിപ്പിൽ
24/01/2026  02:17 PM IST
nila
യുവതി മസാജ് ചെയ്യാൻ തീരുമാനിച്ചത് തോളുവേദനയ്ക്ക് ആശ്വാസം തേടി; മസാജ് സെന്ററിലെ ജീവനക്കാരി തെറിവിളിയും തല്ലുമായി കട്ടക്കലിപ്പിൽ

മുംബൈ: മസാജ് സെന്ററിലെ ജീവനക്കാരി യുവതിയെ മർദ്ദിച്ചെന്ന് പരാതി. അർബൻ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്ത 46 വയസ്സുകാരിക്കെതിരെയാണ് ആക്രമണമുണ്ടായത്. തോളുവേദനയ്ക്ക് ആശ്വാസം തേടിയായിരുന്നു യുവതി സേവനം ബുക്ക് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മസാജ് സെന്ററിലെ യുവതി വീട്ടിലെത്തിച്ച വലിയ മസാജ് ബെഡിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. ജീവനക്കാരിയുടെ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നിയതോടെ സേവനം വേണ്ടെന്ന് വയ്ക്കുകയും ബുക്കിങ് റദ്ദാക്കി റീഫണ്ട് ആവശ്യപ്പെടുകയും ചെയ്തതായി പരാതിക്കാരി പറഞ്ഞു. ഇതോടെ പ്രകോപിതയായ ജീവനക്കാരി യുവതിയെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു.

മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തതായാണ് ആരോപണം. ആക്രമണം തടയാൻ ശ്രമിച്ച യുവതിയുടെ മകനെയും ജീവനക്കാരി തള്ളിമാറ്റി. “ഒരു ഭ്രാന്തി വീട്ടിൽ കയറി അമ്മയെ തല്ലുകയാണ്” എന്ന് മകൻ നിലവിളിക്കുന്ന ദൃശ്യങ്ങളും വൈറലായ വിഡിയോയിൽ വ്യക്തമാണ്.

സംഭവത്തെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചെങ്കിലും അവർ എത്തുന്നതിന് മുൻപ് ആക്രമണം നടത്തിയ യുവതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img