
150 വർഷം മുൻപുള്ള മലയാളിയുടെ തീൻമേശ മുളന്തുരുത്തിയിൽ പുനരാവിഷ്ക്കരിക്കുന്നു
മുളന്തുരുത്തി : ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150ാം ആഘോഷവേളയിൽ മറ്റൊരു മഹാസംഗമത്തിന് കൂടി മുളന്തുരുത്തി ദേശം വേദിയാകുകയാണ്. മലങ്കരസഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ നടക്കും. ഇതിന് മുന്നോടിയായി വ്യത്യസ്തമായ ഒരു ഹെറിറ്റേജ് എക്സിബിഷൻ ഒരുക്കുകയാണ് മുളന്തുരുത്തി മാർത്തോമ്മൻ പള്ളി. ഓഗസ്റ്റ് 23 ഞായറാഴ്ച്ച 10.30ന് ആരംഭിക്കുന്ന ഹെറിറ്റേജ് എക്സിബിഷനിൽ 150 തരം പരമ്പരാഗത ഭക്ഷണവിഭവങ്ങളുടെ പ്രദർശനമുണ്ടാകും. ഓണത്തോട് അനുബന്ധിച്ച് പഴമയുടെ രുചി നിറയ്ക്കുന്ന വിവിധതരം പായസങ്ങളും പരിചയപ്പെടുത്തും. പൈതൃക ഭക്ഷ്യപ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി ശ്രീ. അനൂപ് ജേക്കബ് നിർവഹിക്കും. മലങ്കരയിലെ ആദ്യമൂറോൻ കൂദാശയുടെയും, പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെയും 150ാം വാർഷികവും ഈ മാസത്തിലാണ്. ഇതിന്റെ ഭാഗമായി പള്ളിയിൽ ഒരുക്കിയ പൈതൃകവീഥി മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. 150 വർഷം മുൻപ് മലയാളിയുടെ ഭക്ഷണശീലം എങ്ങനെയാണെന്നറിയാൻ അങ്ങയുടെ മാധ്യമസ്ഥാപനത്തെ മുളന്തുരുത്തി പള്ളിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Photo Courtesy - Google







