12:07pm 25 April 2026
NEWS
എസ്ഐയുടെ വീട്ടിൽ മോഷണം നടത്തിയത് പട്ടാപ്പകൽ; പത്തൊൻപതുകാരൻ പിടിയിൽ
25/04/2026  10:20 AM IST
nila
 എസ്ഐയുടെ വീട്ടിൽ മോഷണം നടത്തിയത് പട്ടാപ്പകൽ; പത്തൊൻപതുകാരൻ പിടിയിൽ

മുക്കത്ത് സബ് ഇൻസ്‌പെക്ടർ താമസിക്കുന്ന വാടകവീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ സംഘത്തിലെ പത്തൊൻപതുകാരൻ പിടിയിൽ.  അരീക്കോട് പുത്തൻപീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. എസ്.ഐ. ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും പട്ടാപ്പകലാണ് മിയാസ് ബാബു ഉൾപ്പെടുന്ന മൂന്നം​ഗ സംഘം പണവും ഉപകരണങ്ങളും അടിച്ചുമാറ്റിയത്. 

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മുത്തേരി കാപ്പുമല വളവിന് സമീപമുള്ള ബെവറേജ്സ് ഔട്ട്‌ലെറ്റിന് അടുത്തുള്ള വീട്ടിലാണ് എസ്.ഐ. ശ്രീരാഗ് താമസിച്ചിരുന്നത്. നിരവധി മുറികളുള്ള ഈ വീട്ടിലെ ഒരു മുറിയിലാണ് അദ്ദേഹം വാടകയ്ക്ക് താമസിച്ചിരുന്നത്. സമീപമുറിയിൽ വീട്ടുടമയുടെ സ്ഥാപനത്തിലെ തൊഴിലാളികളായിരുന്നു താമസം.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് വീടിന്റെ പ്രധാനവാതിൽ തുറന്നപ്പോഴാണ് അപരിചിതനായ ഒരാളെ വീടിനകത്ത് കണ്ടത്. രണ്ടുപേർ ഓടി രക്ഷപ്പെടുന്നത് കണ്ടതോടെ, സംശയം തോന്നിയ സനീഷ്, മിയാസ് ബാബുവിനെ കീഴ്‌പ്പെടുത്തി മുക്കം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ മുക്കം പൊലീസ് മിയാസ് ബാബുവിനെ കസ്റ്റഡിയിലെടുത്തശേഷം നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ, വീടിന്റെ പിന്നിലെ വാതിൽ കുത്തിപ്പൊളിച്ച് മൂന്നംഗ സംഘം അകത്ത് കടന്നതായി കണ്ടെത്തി. വീടിനുള്ളിലെ മൂന്ന് വാതിലുകളും തകർത്താണ് മുറികളിൽ കയറിയത്. എസ്.ഐ.യുടെ മുറിയിൽ നിന്നുള്ള 8500 രൂപ, പവർബാങ്ക്, ഡ്രിമ്മർ എന്നിവയാണ് നഷ്ടമായത്. ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള ചില ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തേക്ക് കൊണ്ടുപോയെങ്കിലും അവ കൈക്കലാക്കാൻ സാധിച്ചിട്ടില്ല.

സംഭവത്തിന് മുൻപ് പ്രതികൾ സമീപത്തെ ബെവറേജ്സ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യപിച്ചിരിക്കാമെന്നും, മദ്യലഹരിയിലായിരിക്കെ മോഷണം നടത്തിയതായിരിക്കാമെന്നുമാണ് പൊലീസിന്റെ സംശയം. ഒളിവിൽ പോയ മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്ന് മുക്കം പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img