03:09pm 12 November 2026
NEWS
പ്രേമചന്ദ്രനോടുള്ള ദയനീയ പരാജയവും ലൈംഗികാതിക്രമ കേസുകളും പാർട്ടിക്ക് കോട്ടമുണ്ടാക്കി; കൊല്ലത്ത് മുകേഷിനെ മാറ്റി നിർത്തി പുതുമുഖത്തെ പരീക്ഷിക്കാൻ സിപിഎം നീക്കം
07/01/2026  02:03 PM IST
nila
പ്രേമചന്ദ്രനോടുള്ള ദയനീയ പരാജയവും ലൈംഗികാതിക്രമ കേസുകളും പാർട്ടിക്ക് കോട്ടമുണ്ടാക്കി; കൊല്ലത്ത് മുകേഷിനെ മാറ്റി നിർത്തി പുതുമുഖത്തെ പരീക്ഷിക്കാൻ സിപിഎം നീക്കം

കൊല്ലം: കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർത്ഥി മാറ്റത്തിന് സിപിഎം നീക്കം ശക്തമാക്കുന്നു. രണ്ട് തവണ എംഎൽഎയായ മുകേഷിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് പാർട്ടി എത്തുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും, മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

മുകേഷിന് പകരം ആരെ സ്ഥാനാർത്ഥിയാക്കണമെന്ന ചർച്ച സിപിഎം നേതൃത്വത്തിൽ സജീവമാണ്. പൊതുസ്വീകാര്യതയും സംഘടനാപരമായ കരുത്തും ഒരുപോലെ ഉള്ള ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് പാർട്ടിയുടെ ശ്രമം. ഈ സാഹചര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ്. ജയമോഹന്റെ പേരാണ് പ്രധാനമായി പരിഗണിക്കുന്നത്. ജനകീയനായ നേതാവെന്ന നിലയിൽ ജയമോഹന് മണ്ഡലത്തിൽ ശക്തമായ സ്വാധീനം ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ഇതിനു പുറമെ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന്റെയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗോപന്റെയും പേരുകളും സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ സംഘടനാ വിലയിരുത്തലും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനവും നിർണായകമായിരിക്കുമെന്നാണ് സൂചന.

മുകേഷിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ പരീക്ഷണം ഇനി ആവർത്തിക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി. 2016-ൽ 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച മുകേഷ്, രണ്ടാം തവണയിൽ വെറും 2,072 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പിന്നീട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ എൻ. കെ. പ്രേമചന്ദ്രനോട് ഏകദേശം ഒന്നര ലക്ഷം വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടതും പാർട്ടി വിലയിരുത്തലിൽ പ്രധാന ഘടകമായി.

ഇതിന് പുറമെ മുകേഷിനെതിരെയുണ്ടായ ലൈംഗികാതിക്രമ കേസുകളും പാർട്ടിക്ക് രാഷ്ട്രീയമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യങ്ങളൊക്കെയുമാണ് കൊല്ലം മണ്ഡലത്തിൽ പുതിയ മുഖത്തെക്കുറിച്ച് സിപിഎം ആലോചിക്കാൻ കാരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img