
നടൻ മുകേഷിനോട് പണം ചോദിച്ചിരുന്നെന്ന് പരാതിക്കാരിയായ നടി. എന്നാൽ, അത് ബ്ലാക്മെയിലിങ് ആയിരുന്നില്ലെന്നും നടി പറയുന്നു. 25,000 മറിക്കാനുണ്ടാകുമോ എന്ന് മുകേഷിനോട് ചോദിച്ചിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്. മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
മുകേഷിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
നടിയുടെ വാക്കുകൾ:
ദൈവം എപ്പോഴും സത്യത്തിന്റെ കൂടെയാണ്. സത്യം പറയാമല്ലോ, എന്റെ കൈയിൽ അത്ര വലിയ തെളിവുകളൊന്നും ഉണ്ടെന്ന് അറിയില്ലായിരുന്നു. പക്ഷേ, അന്വേഷണസംഘം ആദ്യമേ പറഞ്ഞത് ഒരു കാരണവശാലും യൂട്യൂബിൽ നോക്കരുത്, കൂടെ ഞങ്ങളുണ്ടെന്നാണ്. ഒരു കാരണവശാലും തളരരുതെന്ന് പറഞ്ഞു. ഇതെന്താണ് ഇങ്ങനെ പറയുന്നത് എന്ന് ഞാൻ വിചാരിച്ചു. പക്ഷേ, എസ്.ഐ.ടിയുടെ അത്യുജ്ജല അന്വേഷണം കണ്ടപ്പോൾ ഇനി ഞാനാണോ പ്രതിയെന്ന് ചിന്തിച്ചു. ഒരു പ്രശ്‌നം വരുമ്പോൾ കള്ളം പെട്ടന്ന് പ്രചരിപ്പിക്കും. അതുകണ്ട് തളരാൻ പാടില്ല. നമ്മുടെ ഭാഗത്താണ് സത്യമെങ്കിൽ പോലീസുകാരുടെ കൂടെ കട്ടയ്ക്ക് നിൽക്കുക. അവർ നമ്മളെ ചേർത്തുപിടിക്കും. നമ്മൾ അവർക്കൊപ്പം പരമാവധി സഹകരിക്കുക.
2008-09 ആണല്ലോ സംഭവം നടന്നത്. അപ്പോൾ ഉണ്ടായിരുന്ന മെയിലിന്റെ പാസ്‌വേഡ് പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ, എസ്.ഐ.ടിയുടെ ഉഗ്രൻ അന്വേഷണമായിരുന്നു. അവർ 2006 തൊട്ടുള്ളതാണോ, ഞാൻ ജനിക്കും മുന്നേയുള്ളതാണോ എന്നറിയില്ല എല്ലാം വീണ്ടെടുത്തു. നമ്മൾ ആർക്കെങ്കിലും എതിരേ ഒരു തന്ത്രം മെനഞ്ഞാൽ ദൈവം ആ തന്ത്രംകൊണ്ട് തന്നെ അവരെ കുരുക്കും. മുകേഷ് ഏട്ടൻ പറഞ്ഞു, ഞാൻ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന്. അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. കാശ് ചോദിച്ചു എന്നത് ശരിയാണ്. കാശ് ചോദിച്ചതിനേക്കുറിച്ച് ഞാൻ തന്നയാണ് പറഞ്ഞത്. അങ്ങനെയാണ് എല്ലാവരും അറിയുന്നത്. 15 വർഷം മുമ്പ് ഞാനൊരു സിംഗിൾ പാരന്റായിരുന്നു. കുട്ടിക്ക് പെട്ടന്ന് 40,000 രൂപ കെട്ടണം. 25,000 രൂപയുടെ കുറവുണ്ട്. ആ സമയത്ത് മുകേഷേട്ടന്റെ ഫോൺ വരുന്നു. കുറച്ച് ടെൻഷനിലാണ് 25,000 മറിക്കാനുണ്ടാകുമോ എന്ന് ചോദിച്ചു. ഞാൻ അത് ഇപ്പോഴും എല്ലാവരോടും പറയും. എനിക്ക് ഒരു നാണക്കേടുമില്ല. ഒരു സഹായം ചോദിച്ചു എന്നത് ശരിയാണ്.
എസ്.ഐ.ടി സംഘം ഫോണിൽനിന്നും മെയിലിൽ നിന്നും മുകേഷുമായുള്ള എല്ലാം വീണ്ടെടുത്തു. ഞാൻ ചെയ്ത മെസേജ് എല്ലാം അതിനകത്തുണ്ട്. എല്ലാ തെളിവുകളും എസ്.ഐ.ടി സംഘം എടുത്തിട്ടുണ്ട്. അദ്ദേഹം ഒരു എംഎൽഎയായതിനാൽ നീതി കിട്ടും എന്ന് കരുതിയില്ല. പക്ഷേ ഇപ്പോൾ ആ അവസരത്തിൽ എസ്‌ഐടിയോടും സർക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നു.