
കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ അധ്യക്ഷ സ്‌ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ രണ്ട് വോട്ട് അസാധുവായത് സിപിഎം - ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഒരു മുന്നണിയായാണ് മത്സരിച്ചതെന്നും അന്നത്തെ വോട്ട് കച്ചവടത്തിന്റെ തുടർച്ചയാണ് നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നടന്നതെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ് ആരോപിച്ചു. ബിജെപിയുടെ വോട്ട് അസാധുവാകുമോ എന്ന ഭയത്തിൽ അവരെ സഹായിക്കുന്നതിനായി ബോധപൂർവം സിപിഎം കൗൺസിലർമാർ വോട്ട് അസാധുവാക്കുകയായിരുന്നുവെന്ന് ഷിയാസ് ആരോപിച്ചു. താരതമ്യേന ലളിതമായ വോട്ടിങ്ങ് രീതിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പിലേത്. അവിടെ രണ്ട് വോട്ട് സിപിഎം ബോധപൂർവം അസാധുവാക്കിയതാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാർക്കറ്റ് റോഡ്, സംസ്കൃത കോളെജ്, റെയ്ൽവേ സ്റ്റേഷൻ ഡിവിഷനുകളിൽ നിസാര വോട്ടുകൾക്കാണ് കോൺഗ്രസ് സ്‌ഥാനാർഥികൾ പരാജയപ്പെട്ടത്. ഇവിടെ ബിജെപി - സിപിഎം വോട്ട് കച്ചവടം പ്രകടമായിരുന്നു. ഇതിനു മുന്നത്തെ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്‌ഥാനർഥി മത്സരിച്ചപ്പോൾ ലഭിച്ച വോട്ട് പോലും നേടാനാകാതെ ബിജെപി സ്‌ഥാനാർഥി പിന്നോക്കം പോയ മാർക്കറ്റ് റോഡ് ഡിവിഷനിൽ കോൺഗ്രസ് സ്‌ഥാനാർഥി തോറ്റത് 17 വോട്ടുകൾക്കാണ്. വ്യാപകമായ വോട്ട് കച്ചവടമാണ് കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ തൃപ്പൂണിത്തുറ നഗരസഭയിൽ ഇരു പാർട്ടികളും നടത്തിയത്. സിപിഎമ്മിന്റെയും ബിജെപിയുടെയും ഈ കള്ളക്കളി ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുമെന്നും മുഹമ്മ്ദ് ഷിയാസ് പറഞ്ഞു.
Photo Courtesy - Google







