05:44pm 12 November 2026
NEWS
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപി സിപിഎം നീക്കത്തെ ശക്തമായി പ്രതിരോധിക്കും മുഹമ്മദ് ഷിയാസ്
17/01/2026  08:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപി സിപിഎം നീക്കത്തെ ശക്തമായി പ്രതിരോധിക്കും മുഹമ്മദ് ഷിയാസ്
HIGHLIGHTS

വിജയോത്സവം 2026 മഹാ പഞ്ചായത്ത് വന്‍ വിജയമാക്കും 

കൊച്ചി: കെപിസിസിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത സ്ഥാനാര്‍ഥികളെ ആദരിക്കുന്നതിനായി നാളെ മറൈന്‍ഡ്രൈവില്‍ നടക്കുന്ന ചടങ്ങ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കം കൂടിയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിജയോത്സവം മഹാപഞ്ചായത്ത് പരിപാടിയുടെ അവലേകന യോഗത്തെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിജയാഘോഷം കേരള ചരിത്രത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ഏറ്റവും വലിയ വിജയത്തിന്റേതാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പരിപാടി വലിയ വിജയമാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് കെപിസിസിയും എറണാകുളം ഡിസിസിയും നടത്തുന്നതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. 

ഇന്ത്യയില്‍ ബിജെപിയുടെ നിര്‍ദ്ദേശാനുസരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്ഐആര്‍ നടപ്പിലാക്കുകയാണ്. എസ്ഐആര്‍ വഴി തയ്യാറാക്കുന്ന വോട്ടര്‍പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതില്‍ നിരവധി ആശങ്കകളും പരാതികളും ഉയര്‍ന്നുവരുന്നുണ്ട്. എറണാകുളം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെയാണ് മരിച്ചുപോയവരുടേയും സ്ഥലം മാറി പോയവരുടേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ പേരുകളുടെയും മറ്റും അക്ഷരത്തെറ്റുകള്‍ ചൂണ്ടികാണിച്ചും നിരവധിയാളുകളുടെ പേര് വെട്ടിയിട്ടുണ്ട്. പട്ടികയില്‍ നിന്ന് പുറത്തായവര്‍ 22ന് മുന്‍പായി പുതുതായി അപേക്ഷ കൊടുത്ത് വോട്ടര്‍ പട്ടികയില്‍ വീണ്ടും പേര് ചേര്‍ക്കണം. എന്നാല്‍ നിരവധി പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഹിയറിംങ് നോട്ടീസുകള്‍ പോലും ലഭിച്ചിട്ടില്ല. ഹിയറിങുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മറ്റ് വകുപ്പുകളില്‍ നിന്ന് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കാനാണ് നിര്‍ദേശം. എന്നാല്‍ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത് എന്നിരിക്കെ എങ്ങനെയാണ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയോഗിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയെന്ന് ഷിയാസ് ചോദിച്ചു. 

ജനങ്ങളുടെ ജനാധിപത്യ അവകാശമായ വോട്ട് നിഷേധിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെമ്മാടിത്തരങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ബിജെപിയുടെയും സിപിഎമ്മിന്റെയും അവിശുദ്ധ കൂട്ട് കെട്ടാണ് ഇതിന് പിന്നില്‍. എറണാകുളം ജില്ലയില്‍ മാത്രം എട്ട് ലക്ഷത്തോളം ആളുകളുടെ പേര് പട്ടികയില്‍ നിന്നും വെട്ടി. സംസ്ഥാനത്ത് ആകമാനം ഇത് 25ലക്ഷത്തിലും അധികമാണ്. നിയമാസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. ജില്ലാ കലക്ട്രേറ്റുകളിലേക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img