03:03am 05 September 2026
NEWS
പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ മുഹമ്മദ് സഹദിനെ 10 വർഷത്തേക്ക് പി.എസ്.സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തും
28/09/2025  09:12 AM IST
ന്യൂസ് ബ്യൂറോ
പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ മുഹമ്മദ് സഹദിനെ 10 വർഷത്തേക്ക് പി.എസ്.സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തും

കണ്ണൂർ: പി.എസ്.സി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻ പരീക്ഷയിൽ ക്യാമറയും ഹെഡ്സെറ്റും ഉപയോഗിച്ച് ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർത്ഥിക്ക് പി എസ് സി പരീക്ഷകളിൽ വിലക്കേർപ്പെടുത്തും. പയ്യാമ്പലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. കണ്ണൂർ പെരളശ്ശേരി സ്വദേശി എം.പി. മുഹമ്മദ് സഹദിനെയാണ് (25) പൊലീസ് പിടികൂടിയത്. ഇയാളെ ​ഈ പരീക്ഷകളിൽ നിന്ന് അയോഗ്യനാക്കുകയും അടുത്ത 10 വർഷത്തേക്ക് പി.എസ്.സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു.

​ഷർട്ടിന്റെ കോളറിലൊളിപ്പിച്ച ക്യാമറയിലൂടെ ചോദ്യപേപ്പർ പുറത്തേക്ക് അയച്ച് ഹെഡ്സെറ്റിലൂടെ ഉത്തരം കേട്ടെഴുതാനായിരുന്നു ഇയാളുടെ പദ്ധതി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് രാവിലെ മുതൽ സ്കൂളിൽ നിരീക്ഷണം നടത്തിയിരുന്ന പി.എസ്.സി വിജിലൻസ് സംഘം ഉച്ചയ്ക്ക് ഒന്നരയോടെ പരീക്ഷാഹാളിൽ വെച്ച് ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ, പോലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വിജിലൻസ് സംഘവും പോലീസും ചേർന്ന് പിന്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ക്യാമറ, ഹെഡ്സെറ്റ്, പെൻഡ്രൈവ് എന്നിവ പോലീസ് പിടിച്ചെടുത്തു.

​മുമ്പും സമാന രീതിയിൽ കോപ്പിയടി നടത്തിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞമാസം നടന്ന പോലീസ് സബ് ഇൻസ്‌പെക്ടർ പരീക്ഷയിലും ഇയാൾ കൃത്രിമം നടത്തിയെന്ന് സംശയിക്കുന്നു. പുറത്തുനിന്ന് സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തുടർനടപടികൾക്കായി കണ്ണൂർ ടൗൺ പോലീസിന് കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img