09:09pm 11 October 2026
NEWS
മിശ്രവിവാ​ഹിതരായ മുഹമ്മദ് ​ഗാലിബിനും ആശ വർമ്മക്കും സുരക്ഷയൊരുക്കണമെന്ന് കേരള പൊലീസിനോട് ഹൈക്കോടതി

28/02/2025  10:09 AM IST
nila
മിശ്രവിവാ​ഹിതരായ മുഹമ്മദ് ​ഗാലിബിനും ആശ വർമ്മക്കും സുരക്ഷയൊരുക്കണമെന്ന് കേരള പൊലീസിനോട് ഹൈക്കോടതി

കൊച്ചി: ജാർഖണ്ഡിൽ നിന്ന് ഒളിച്ചോടി കേരളത്തിൽ അഭയം തേടിയ മിശ്രവിവാ​ഹിതരായ ദമ്പതികൾക്ക് സുരക്ഷയൊരുക്കണമെന്ന് കേരള പൊലീസിന് നിർദ്ദേശം നൽകി ​ഹൈക്കോടതി. ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ​ഗാലിബിനും ആശ വർമ്മക്കും സുരക്ഷ നൽകണമെന്നാണ് നിർദ്ദേശം. പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് ഇരുവരും ജാർഖണ്ഡിൽ നിന്നും കേരളത്തിലെത്തി വിവാഹിതരായത്. നിലവിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ദമ്പതികളുള്ളത്. മുഹമ്മദ് ​ഗാലിബിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് അറസ്റ്റ് ചെയ്യാനും യുവതിയെ തിരികെ കൊണ്ടുപോകാനുമായി ജാർഖണ്ഡ് പൊലീസും കായംകുളത്ത് തുടരുന്നുണ്ട്. 

ഹർജിക്കാരെ നിർബന്ധിച്ച് സ്വന്തം സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനും ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് പൊലീസിനോട് നിർദ്ദേശിച്ചു. ആശാ വർമ്മയും മുഹമ്മദ് ഗാലിബും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജാർഖണ്ഡ് പൊലീസിനൊപ്പം അവരുടെ കുടുംബവും കേരളത്തിൽ എത്തി ഭീഷണിപ്പെടുത്തിയതായി ദമ്പതികൾ പരാതിയിൽ ആരോപിക്കുന്നു.

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ ചിതാർപൂരിൽ നിന്നുള്ളവരാണ് പരാതിക്കാർ. 10 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ദുരഭിമാനക്കൊല ഭയന്ന് ഫെബ്രുവരി രണ്ടിന് കേരളത്തിലേക്ക് താമസം മാറുകയായിരുന്നു. ഒരാൾ ഇസ്ലാം മത വിശ്വാസിയും മറ്റൊരാൾ ഹിന്ദുവുമായതിനാൽ നാടും കുടുംബവും ഇവരുടെ പ്രണയത്തെ അം​ഗീകരിച്ചില്ല.  45 വയസോളം പ്രായമുള്ളരാളെ കൊണ്ട്‌ തന്നെ വിവാഹം കഴിപ്പിക്കാൻ പിതാവ് തീരുമാനിച്ചതോടെ വിദേശത്തുള്ള മുഹമ്മദിനെ ആശ വിവരം അറിയിച്ചു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്താൽ  ഇരുവരും  കേരളത്തിലേക്ക് എത്തുകയും ഫെബ്രുവരി 11ന് വിവാഹിതരാകുകയുമായിരുന്നു.

തട്ടിക്കൊണ്ടുപോകൽ കേസെടുത്ത് ആശയെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ജാർഖണ്ഡ് പൊലീസ് കേരളത്തിലെത്തി. കേരളാ പൊലീസ് തടസ്സം അറിയിച്ചിട്ടും ജാർഖണ്ഡ് പൊലീസ് കായംകുളക്ക് തുടരുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img