
ബംഗളുരു: വിവാദം സൃഷ്‌ടിച്ച മുഡ ഹൗസിങ് പ്ലോട്ട് ഇടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കള്ളപ്പണം വെറുപ്പിക്കാൻ ശ്രമം നടത്തിയതായി ഇ ഡിയുടെ അറ്റാച്ച് മെന്റ് റിപ്പോർട്ടിൽ പറയുന്നു. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവ്വതി, അവരുടെ സഹോദരൻ മല്ലികാർജ്ജുന സ്വാമി, ദേവ രാജു, മുഡ ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഈ അനധികൃത ഇടപാടിൽ പങ്കാളികളാണെന്ന് ഇ ഡി റിപ്പോർട്ട് വ്യക്തമാക്കുന്നു. മൈസൂരു ജില്ലയിലെ കസറെ ഗ്രാമത്തിൽ ദേവരാജുവിന് 3.16 ഏക്ര ഭൂമിയുണ്ടായിരുന്നു. ഇത് കൃഷിഭൂമി എന്ന നിലയിൽ അദ്ദേഹം 2004 ൽ സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജ്ജുന സ്വാമിയ്ക്ക് വിറ്റു. ഈ ഭൂമി 2010 ൽ അദ്ദേഹം സഹോദരിയ്ക്ക്(മുഖ്യമന്ത്രിയുടെ ഭാര്യ പാർവ്വതി) ഇഷ്ടദാനമായി നൽകി. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പിന്നീട് ഈ ഭൂമി നഗരവികസനത്തിനായി ഏറ്റെടുക്കുകയും പകരം നഷ്ടപരിഹാരമായി വികസിത മേഖലയിൽ 56 കോടി വിലമതിപ്പുള്ള പതിനാല് പ്ലോട്ടുകൾ അനുവദിക്കുകയും ചെയ്തതായി ഇ ഡി റിപ്പോർട്ടിൽ പറയുന്നു. ഈ ഭൂമി യഥാർത്ഥത്തിൽ മുഡ 3.24 ലക്ഷത്തിന് വാങ്ങിയതാണെന്നും പിന്നീട് നിയമവിരുദ്ധമായി ഡിനോട്ടിഫൈ ചെയ്യുകയായിരുന്നെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥന്മാർ ഒത്തുകളിച്ചാണ് ഈ ഇടപാട് നടത്തിയതെന്നും അന്നത്തെ മുഡ കമ്മീഷണർ ഡി.ബി നടേഷ്, സിദ്ധരാമയ്യയുടെ പി എ എസ്. ജി. ദിനേശ് കുമാർ എന്നിവർക്ക് നേരിട്ട് പങ്കുണ്ടെന്നും ഇ ഡി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് അനുവദിച്ച പതിനാല് പ്ലോട്ടുകൾ ഉൾപ്പെടെ 1095 പ്ലോട്ടുകൾ അനധികൃതമായി അനർഹർക്ക് അനുവദിച്ച് ശതകോടികളുടെ തിരിമറിയും അഴിമതിയും നടന്നിട്ടുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഭാര്യ പ്ലോട്ടുകൾ തിരിച്ചുകൊടുത്തെങ്കിലും നിയമക്കുരുക്കിൽ നിന്നൊഴിവായിട്ടില്ല.











