
കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതിയ്ക്ക് അനധികൃതമായി പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനുവദിച്ചു എന്നുള്ള വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ പരാതിയാണ് 'മുഡ'യിലെ അഴിമതിഭൂതത്തെ തുറന്നുവിട്ടത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഒത്തുചേർന്ന് മൈസൂരു നഗര വികസന അതോറിറ്റി(മുഡ)യുടെ ഹൗസിങ് പ്ലോട്ട് വിതരണത്തിൽ നടത്തിയ ശതകോടികളുടെ കൊള്ളയാണ് പുറത്തുവന്നത്. കൊള്ളയിൽ നിന്ന് സംരക്ഷണം ലഭിക്കാനായി ബന്ധപ്പെട്ടവർ മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി അതിൽ ഉൾപ്പെടുത്തുകയായിരുന്നത്രെ. എന്നാൽ നടന്ന തട്ടിപ്പിന്റെ വ്യാപ്തി പരിശോധിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പങ്ക് നിസ്സാരമാണെന്ന് പറയാം. എഴുനൂറോളം കോടിരൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും മുന്നൂറു കോടി വിലമതിപ്പുള്ള 142 സ്വത്തുവകകൾ(ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ ഉൾപ്പെടെ) കണ്ടുകെട്ടിയിട്ടുണ്ടെന്നും ഇ ഡി വെളിപ്പെടുത്തി. അന്വേഷണവും കണ്ടുകെട്ടലും തുടരുകയാണ്. കേവലം 3.24 ലക്ഷം രൂപ അടച്ച് 56 കോടി രൂപ വിലമതിപ്പുള്ള പതിനാല് പ്ലോട്ടുകൾ മുഖ്യമന്ത്രിയുടെ ഭാര്യ സ്വന്തമാക്കി എന്ന് ഇ ഡി റിപ്പോർട്ടിലുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലോകായുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് ഇ ഡി രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബർ 24 നും അതിന് ശേഷവുമായി ഇ ഡി ഈ കേസ്സുമായി ബന്ധപ്പെട്ട് മൈസൂരുവിലും ബംഗളുരുവിലും പത്തു റെയ്ഡുകൾ നടത്തിയിരുന്നു. ബെനാമി ഇടപാടിലൂടെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ, ഏജന്റുമാർ, ബിസ്സിനസ്സുകാർ തുടങ്ങിയവർക്ക് പ്ലോട്ടുകൾ അനധികൃതമായി വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ രീതിയിൽ സമ്പാദിച്ച കള്ളപ്പണം സഹകരണ സ്ഥാപനങ്ങളിലൂടെ വെളുപ്പിച്ച് കെട്ടിടങ്ങൾ, ആഡംബര കാറുകൾ തുടങ്ങിയവ വാങ്ങാനും ധൂർത്തടിക്കാനും ഉപയോഗിച്ചു എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. മുഡ മുൻ കമ്മീഷണർ ഡി.ബി. നടേഷിന് ഈ ഇടപാടിൽ നേരിട്ടു പങ്കുള്ളതായി ഇ ഡി റിപ്പോർട്ടിൽ സൂചനയുണ്ട്. കേസ് സിബി ഐയ്ക്ക് വിടണമെന്നുള്ള വിവരാവകാശ പ്രവർത്തകന്റെ അപേക്ഷയിൽ, അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഈ മാസം 15ന് ഹൈക്കോടതി ലോകായുക്തയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇ ഡിയുടെ അന്വേഷണറിപ്പോർട്ടിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ലോകായുക്തയുടെ കണ്ടെത്തൽ എന്തായാലും ഈ കേസ് സിബിഐയ്ക്ക് വിടാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
Photo Courtesy - Google











