
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഭാര്യ ബി എം പാർവ്വതിയെയും പ്രതികളാക്കി മുഡ ഇടപാടിൽ ലോകായുക്ത എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ്. വിവരാവകാശ പ്രവർത്തകനായ സ്നേഹമയി കൃഷ്ണയാണ് മുഡ കുംഭകോണം പുറത്തുകൊണ്ടുവന്നത്. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണ്ണറുടെ അനുമതി കൃഷ്ണ നേടിയെടുത്തിരുന്നു. മൈസുരു അർബൻ ഡവലപ്പ് അതോറിറ്റി(മുഡ) യിൽ നിന്ന് പാർവ്വതി പതിനാല് ഹൗസിങ്പ്ലോട്ടുകൾ അനധികൃതമായി അനുവദിപ്പിച്ചു വാങ്ങി എന്നാണ് കേസ്. ഏറെ കോളിളക്കം സൃഷ്ടിച്ച ആ കേസ്സിന്റെ അന്വേഷണം നടന്നുവരികയാണ്. വിവാദമായപ്പോൾ ഹൗസിങ് പ്ലോട്ടുകൾ പാർവ്വതി തിരിച്ചുകൊടുത്തിരുന്നു. ലോകായുക്തയുടെ എഫ് ഐ ആറിന്റെ ചുവടുപിടിച്ചാണ് ഇ ഡി മുഡ കേസ്സിലേക്ക് കടക്കുന്നത്. അഞ്ഞൂറോളം പ്ലോട്ടുകൾ ഒട്ടേറെ വൻമത്സ്യങ്ങൾക്ക് അനധികൃതമായി ലഭിച്ചിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തി. ഒരു സഹകരണ സംഘത്തിന്റെ മറ പിടിച്ച് ബെനാമി ഇടപാടുകളാണ് നടന്നത്. മുന്നൂറു കോടിയുടെ പ്ലോട്ടുകൾ ഏതാനും മാസം മുമ്പ് ഇ ഡി കണ്ടുകെട്ടിയിരുന്നു. മുഖ്യമന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കി ലോകായുക്ത സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി സ്വീകരിച്ചിരുന്നില്ല. എല്ലാ വിവരങ്ങളും അന്വേഷിച്ച് അന്തിമ റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം നൽകിയത്. കേസ് സി ബി ഐയ്ക്ക് വിടണമെന്ന സ്നേഹമയി കൃഷ്ണയുടെ ഹരജി പരിഗണിക്കാൻ ലോകായുക്തയുടെ അന്തിമ റിപ്പോർട്ട് കാത്തിരിക്കുകയാണ് കോടതി. മുഡയിൽ നടന്നിട്ടുള്ള മുഴുവൻ കുംഭകോണവുമാണ് ഇ ഡി അന്വേഷിക്കുന്നത്. യഥാർത്ഥ ഉടമകൾ അവകാശ വാദവുമായി വരാത്തതിനാൽ 100 കോടി വിലമതിക്കുന്ന 92 പ്ലോട്ടുകൾ ഇ ഡി വീണ്ടും കണ്ടുകെട്ടി. ഈ കേസ്സിൽ ഇ ഡി യുടെ അന്വേഷണം തുടരുകയാണ്.
Photo Courtesy - Google











