11:20pm 28 July 2026
NEWS
മുഡ പ്ലോട്ട് തിരിമറി: അറസ്റ്റിലായ മുൻകമ്മീഷണർ ഇ ഡി കസ്റ്റഡിയിൽ ..
18/09/2025  10:44 AM IST
വിഷ്ണുമംഗലം കുമാർ
മുഡ പ്ലോട്ട് തിരിമറി: അറസ്റ്റിലായ മുൻകമ്മീഷണർ ഇ ഡി കസ്റ്റഡിയിൽ

ശതകോടികളുടെ തട്ടിപ്പും കള്ളപ്പണഇടപാടും നടന്നിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയ കേസ്സാണ് മൈസൂരു അർബ്ബൻ ഡവലപ്പ്മെന്റ് അതോറിറ്റിയിലെ ( മുഡ) പ്ലോട്ട് അഴിമതി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്ക് പതിനാല് പ്ലോട്ടുകൾ അനധികൃതമായി അനുവദിച്ചിരുന്നതിനാൽ കേസ് വന്നതും വാർത്തകളിൽ നിറഞ്ഞതും ആ ഇടപാട് കേന്ദ്രീകരിച്ചായിരുന്നു. മുഖ്യമന്ത്രിയെയും പത്നിയെയും പ്രതികളാക്കി ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തതോടെ ഇ ഡിയും അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയ്ക്കും പത്നിയ്ക്കും അനധികൃത ഇടപാടിൽ പങ്കില്ലെന്നുള്ള ലോകായുക്തയുടെ റിപ്പോർട്ട് ഹൈക്കോടതി ശരി വെയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ തനിക്ക് ലഭിച്ച പ്ലോട്ടുകൾ മുഖ്യമന്ത്രിയുടെ പത്നി മുഡയ്‌ക്ക് തിരിച്ചുനൽകിയിരുന്നു. ഇ ഡിയാകട്ടെ വിപുലമായ അന്വേഷണമാണ് നടത്തിയത്. നഗരവികസനത്തിനായി ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി വികസിത മേഖലയിൽ പ്ലോട്ടുകൾ അനുവദിക്കുന്ന സംവിധാനം അട്ടിമറിച്ചാണ് അനർഹർക്ക് അനധികൃതമായി പ്ലോട്ടുകൾ വിതരണം ചെയ്തത്. ശതകോടികൾ വിലമതിക്കുന്ന ആയിരത്തിലേറെ പ്ലോട്ടുകൾ അനധികൃതമായി വിതരണം ചെയ്തിട്ടുണ്ടെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് ഇ ഡി കണ്ടെത്തിയത്. നൂറുകോടിയിലേറെ വിലമതിക്കുന്ന ഏതാനും പ്ലോട്ടുകളും കെട്ടിടങ്ങളും ഇതിനകം ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. 2022-24 കാലയളവിൽ മുഡ കമ്മീഷണറായിരുന്ന ജി ടി ദിനേഷ് കുമാറിനെ ഇ ഡി ബംഗളുരുവിൽ അറസ്റ്റുചെയ്തു. അദ്ദേഹത്തിന്റെ വസതിയും സ്വത്ത് വകകളും റെയ്ഡ് ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. പ്രത്യേക കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ഒമ്പത് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മറ്റു ചില മുൻകമ്മീഷണർമാർക്കും ഇതര ഉദ്യോഗസ്ഥർക്കും ഈ ഇടപാടിൽ പങ്കുണ്ടെന്ന സൂചനയാണ് ഇ ഡി നൽകുന്നത്. കൃത്രിമ രേഖകൾ ചമച്ച് കോടികൾ വിലയുള്ള പ്ലോട്ടുകൾ അനർഹർക്ക് അനധികൃതമായി അനുവദിക്കുന്ന ഇടപാടാണ് നടന്നിട്ടുള്ളത്. ബെനാമികളുടെ പേരിൽ അനുവദിക്കുന്ന പ്ലോട്ടുകൾ മറിച്ചുവിട്ട് സമ്പാദിക്കുന്ന കള്ളപ്പണം ഉദ്യോഗസ്ഥരും മറ്റും പങ്കിട്ടെടുത്തതിന്റെ തെളിവുകൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img