
ബംഗളുരു: മൈസൂരു അർബ്ബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) യിലെ പ്ലോട്ട് വിതരണത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവ്വതിയ്‌ക്ക് പങ്കുണ്ടെന്നും വ്യക്തമാക്കി ഇ ഡി നൽകിയ പരാതി കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് മാർച്ച് ഏഴിന് തള്ളിയിരുന്നു. അതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിശിതമായ വിമർശനമാണ് ഇ ഡി യ്ക്കെതിരെ നടത്തിയത്. "രാഷ്ട്രീയയുദ്ധം വോട്ടർമാർ നടത്തട്ടെ. നിങ്ങളെ എന്തിനാണ് അതിനായി ഉപയോഗപ്പെടുത്തുന്നത്?" ഇ ഡി യ്‌ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് ബെഞ്ച് ചോദിച്ചു. " മിസ്റ്റർ രാജു വായ തുറക്കാൻ ഞങ്ങളെ നിർബന്ധിക്കക്കരുത്. നിർബന്ധിച്ചാൽ ഇ ഡി യ്ക്കെതിരെ ഞങ്ങൾക്ക് രൂക്ഷമായ പരാമർശം നടത്തേണ്ടിവരും. മഹാരാഷ്ട്രയിൽ എനിക്ക് ആ അനുഭവമുണ്ട്. രാജ്യമൊട്ടാകെ പ്രക്ഷോഭം വ്യാപിക്കാൻ ഇടയാക്കരുത്. തെരഞ്ഞെടുപ്പ് പോരാട്ടം വോട്ടർമാർ നടത്തട്ടെ. നിങ്ങളതിന്റെ ഭാഗമാകേണ്ട" ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. "അപ്പീൽ ഞങ്ങൾ പിൻവലിക്കാം. പക്ഷെ അതൊരു കീഴ് വഴക്കമായി പരിഗണിക്കരുത് " അതിന് മറുപടിയായി അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ബോധിപ്പിച്ചു. "ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഞങ്ങൾ തെറ്റൊന്നും കാണുന്നില്ല" ഇ ഡി യുടെ അപ്പീൽ തള്ളിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു. ആരോപണം ഉയർന്നതിനെ തുടർന്ന് തനിക്ക് അനുവദിച്ചുകിട്ടിയ പതിനാല് പ്ലോട്ടുകൾ പാർവ്വതി മുഡയ്‌ക്ക് തിരിച്ചുനൽകിയിരുന്നു. അത് അംഗീകരിച്ചാണ് ഹൈക്കോടതി ഇ ഡി അന്വേഷണം തടഞ്ഞത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യ മുഡയിൽ നിന്ന് പ്ലോട്ടുകൾ സ്വന്തമാക്കിയത് എന്നായിരുന്നു വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെയും പ്രതിപക്ഷ പാർട്ടികളുടെയും ആരോപണം. " എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും അനുസൃതമായി തികച്ചും സത്യസന്ധമായാണ് ഞാൻ പ്രവർത്തിച്ചത്. അത്യുന്നത ന്യായാലയത്തിന്റെ ഈ വിധി അത് ശരിവെക്കുന്നു. ഇ ഡിയെ ഉപയോഗിച്ച് എന്നെ രാഷ്ട്രീയമായി തകർക്കാൻ ബിജെപി നടത്തിയ കുൽസിത ശ്രമമാണ് തകർന്നു തരിപ്പണമായത്" സിദ്ധരാമയ്യ പ്രതികരിച്ചു.
Photo Courtesy - Google











