
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കുടുംബത്തിനും വിട്ടുമാറാത്ത തലവേദന സൃഷ്ടിക്കുകയാണ് കുപ്രസിദ്ധമായ മുഡക്കേസ്. മുഖ്യമന്ത്രിയുടെ പത്നി ബി എം പാർവ്വതി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) വികസിത മേഖലയിൽ അന്യായമായി ഹൗസിങ് പ്ലോട്ടുകൾ അനുവദിച്ചു എന്നാണ് കേസ്. കോടികൾ വിലമതിക്കുന്ന പതിനാല് പ്ലോട്ടുകളാണ് പാർവ്വതിയ്ക്ക് ലഭിച്ചിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വാധീനത്താലാണ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അനധികൃതമായി പ്ലോട്ടുകൾ അലോട്ട് ചെയ്തത് എന്നായിരുന്നു വിവരാവകാശ പ്രവർത്തകനായ സ്നേഹമയി കൃഷ്ണയുടെ ആരോപണം. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെയാണ് ഈ കേസ് ഗൗരവം കൈവരിച്ചത്.മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു. സിദ്ധരാമയ്യയ്‌ക്ക് മുഖ്യമന്ത്രിക്കസേര നഷ്ടപ്പെടുമോ എന്നുപോലും സംശയിക്കപ്പെട്ടിരുന്നു. വിവാദം ചൂടുപ്പിടിച്ചപ്പോൾ പാർവ്വതി പ്ലോട്ടുകൾ മുഡയ്‌ക്ക് തിരിച്ചുനൽകി. ലോകായുക്ത പൊലീസാണ് കേസ് അന്വേഷിച്ചത്. കേസ് നടന്നുവന്നത് ബംഗളുരുവിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലാണ്. മുഖ്യമന്ത്രിയോ ബന്ധുക്കളോ കുറ്റക്കാരല്ലെന്ന് സ്ഥാപിക്കുന്ന ബി റിപ്പോർട്ട് ലോകായുക്ത പോലീസ് സമർപ്പിച്ചതും അത് പ്രത്യേകകോടതി ശരിവെച്ചതും സിദ്ധരാമയ്യയ്ക്ക് ചെറിയ ആശ്വാസമൊന്നുമല്ല നൽകിയത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രി ക്കസേരയ്ക്കായി കരുനീക്കം ശക്തമാക്കിയിരുന്ന സന്ദര്ഭത്തിലാണ് മുഡക്കേസ് ചൂടുപിടിച്ചത്. പ്ലോട്ട് വിതരണത്തിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നറിയാനായി ഇ ഡിയും അന്വേഷണം ആരംഭിച്ചിരുന്നു. മുഡയുടെ മുൻ ചെയർമാൻ ഉൾപ്പെടെ ചിലരെ ഇ ഡി അറസ്റ്റുചെയ്തു. പ്ലോട്ടുകളും മറ്റുവസ്തുവകകളും കണ്ടുകെട്ടി. അന്വേഷണം തുടരുകയാണ്. ലോകായുക്ത പോലീസിന്റെ ബി റിപ്പോർട്ട് പ്രത്യേക കോടതി അംഗീകരിച്ചത് നിയമനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി സ്നേഹമയി കൃഷ്ണ ഹൈക്കോടതിയെ സമീപിച്ചതാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനും തലവേദന സൃഷ്ടിച്ചിട്ടുള്ളത്. ഈ കേസ് ഹൈക്കോടതി ഉടനെ പരിഗണിച്ചേക്കും. മുഡക്കേസ് സിദ്ധരാമയ്യയെ വീണ്ടും വരിഞ്ഞുമുറുക്കുകയാണ്.
Photo Courtesy - Google











