
കെയ്റോ: ലിബിയൻ മുൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയയിലെ സിൻടൻ നഗരത്തിൽ വീട്ടുതടങ്കലിലായിരുന്ന സെയ്ഫിനെ സായുധരായ നാലുപേരാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രിപ്പോളിയിൽ നിന്ന് ഏകദേശം 136 കിലോമീറ്റർ തെക്ക് കിഴക്കാണ് സിൻടൻ നഗരം. വിമതരുടെ വീട്ടുതടങ്കലിലായിരുന്നു സെയ്ഫ്.
മുഅമർ ഗദ്ദാഫിയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന 53കാരനായ സെയ്ഫ്, ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുമുള്ള വ്യക്തിയായാണ് വിലയിരുത്തുന്നത്. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയുടെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്. ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ൽ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് 2015ൽ സെയ്ഫിന് ലിബിയൻ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യത്വഹീനമായ നീക്കങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.











