
തിരുവനന്തപുരം: ‘കേരള സ്റ്റോറി 2’ സിനിമയ്‌ക്കെതിരെ എസ്എഫ്‌ഐ സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിനെതിരെ ശക്തമായ വിമർശനവുമായി എംഎസ്എഫ്. ബീഫ് വിളമ്പിയാൽ മുസ്‌ലിം ന്യൂനപക്ഷത്തെ ഒപ്പം നിർത്താനാകില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് നജാഫ് ഇക്കാര്യം പറയുന്നത്.
ബീഫ് ഫെസ്റ്റ് നടത്തിയാൽ മുസ്‌ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുമെന്നോ ഒപ്പം നിൽക്കുമെന്നോ ഇപ്പോഴും സിപിഐഎം തെറ്റിദ്ധരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാർ ഒരുപോലെ കാണുന്ന സമീപനമാണ് പ്രശ്നമെന്നും, ആർഎസ്എസ് ന്റെ വർഗീയ-ഫാസിസത്തെ നേരിടാൻ കേരളത്തിൽ ബീഫ് ഫെസ്റ്റ് അനിവാര്യമല്ലെന്നും നജാഫ് പറഞ്ഞു.
എല്ലാ വിശ്വാസികളെയും വർഗീയവാദികളായി ചിത്രീകരിക്കുന്നത് അപകടകരമാണെന്നും, ആർഎസ്എസിനെ എതിർക്കുന്നതിന്റെ പേരിൽ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എംഎസ്എഫ് നേതാവ് ചൂണ്ടിക്കാട്ടി. കേരളത്തിൽ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ടെന്നും, ഗോമാംസം നിഷിദ്ധമാണെന്ന് വിശ്വാസപൂർവം കരുതുന്ന ഒരു വിഭാഗമുണ്ടെങ്കിൽ അവരുടെ വിശ്വാസവും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് നിരോധനം മനുഷ്യാവകാശ ലംഘനമാണെന്ന പോലെ, ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് നജാഫ് അഭിപ്രായപ്പെട്ടു. “മലയാളികൾ ആരോടും ബീഫ് കഴിക്കരുതെന്ന് പറയുന്നില്ല; അതുപോലെ കഴിക്കാൻ നിർബന്ധിക്കാറുമില്ല,” എന്നും അദ്ദേഹം കുറിച്ചു. ഒരു മുസ്‌ലിം വിശ്വാസി പന്നിമാംസം കഴിക്കില്ലെന്ന് കരുതി ‘പോർക്ക് ഫെസ്റ്റ്’ സംഘടിപ്പിച്ചാൽ അതിൽ മതവിരുദ്ധതയും പരിഹാസവും ഉണ്ടാകുമെന്നും, എല്ലാ വിശ്വാസങ്ങളോടും ആദരവാണ് വേണ്ടതെന്നും നജാഫ് വ്യക്തമാക്കി.
കേരള സ്റ്റോറി 2 മുസ്‌ലിം വിരുദ്ധമായതിനാലല്ല, കേരളത്തിനെതിരെ പ്രചാരണ സ്വഭാവമുള്ള സിനിമയായതിനാലാണ് എതിർക്കുന്നതെന്നും നജാഫ് വ്യക്തമാക്കി. അതിന് ബീഫ് ഫെസ്റ്റ് നടത്തി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യം മനസിലാകുന്നില്ലെന്നും, സമരാഭാസങ്ങളല്ല, ക്രിയാത്മകമായ പ്രതിരോധമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ എസ്എഫ്‌ഐ ഇന്ന് ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി ‘നല്ല ചൂട് പൊറോട്ടയും ബീഫും’ എന്ന പേരിൽ ഭക്ഷ്യവിതരണവും നടക്കും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലേക്കും ഈ ക്യാമ്പയിൻ വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാന











