12:17am 19 November 2026
NEWS
കാമുകിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിന്റെ ബാഗിൽ കഞ്ചാവ് വയ്ക്കാൻ നിർദേശം; വ്യാജ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ച എഎസ്പി പിടിയിൽ; ദൃശ്യങ്ങൾ വൈറൽ
18/11/2026  03:19 PM IST
nila
കാമുകിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിന്റെ ബാഗിൽ കഞ്ചാവ് വയ്ക്കാൻ നിർദേശം; വ്യാജ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ച എഎസ്പി പിടിയിൽ; ദൃശ്യങ്ങൾ വൈറൽ

ഭോപാൽ: ഹോട്ടലിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ നവംബർ 13ന് നടന്ന സംഭവത്തിൽ അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ദീപക് മിശ്രയാണ് പിടിയിലായത്. യുവാവിന്റെ ബാഗിൽ കഞ്ചാവ് വച്ച് കേസെടുക്കാൻ സഹപ്രവർത്തകനോട് നിർദേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

ഹോട്ടലിൽ മുറിയെടുത്ത യുവാവിനെയും യുവതിയെയും ചോദ്യം ചെയ്യാനെത്തിയതായിരുന്നു ദീപക് മിശ്ര. ചോദ്യം ചെയ്യലിനിടെ തങ്ങൾ പ്രായപൂർത്തിയായവരാണെന്നും ഒരേ ജാതിയിൽപ്പെട്ടവരാണെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇരുവരുടെയും വീട്ടുകാരെ വിവരമറിയിക്കണമെന്ന നിലപാടിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. ഇതിനായി യുവതിയോട് ഫോണിന്റെ ലോക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു.

ഇതിനു പിന്നാലെയാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാരനോട് യുവാവിന്റെ ബാഗിൽ കഞ്ചാവ് വയ്ക്കാൻ ദീപക് മിശ്ര നിർദേശിച്ചത്. 'അവന്റെ ബാഗിൽ കഞ്ചാവ് വയ്ക്ക്' എന്ന ഉദ്യോഗസ്ഥന്റെ വാക്കുകൾ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം. വീട്ടുകാരെ അറിയിക്കാതെ ഹോട്ടലിൽ മുറിയെടുത്തതിന്റെ പേരിൽ ഇരുവരെയും പൊലീസ് ശകാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹോട്ടലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹോട്ടൽ ഉടമ സഞ്ജു സനോദിയയും രംഗത്തെത്തി. ഹോട്ടൽ നടത്തണമെങ്കിൽ പ്രതിമാസം 25,000 രൂപ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നതായും പണം നൽകിയില്ലെങ്കിൽ റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ നടപടികൾ പുറത്തുകൊണ്ടുവരാനാണ് സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്നും ഹോട്ടൽ ഉടമ വ്യക്തമാക്കി.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിയമം നടപ്പാക്കേണ്ടവർ തന്നെ വ്യാജക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണം സംഭവത്തെ കൂടുതൽ വിവാദത്തിലാക്കിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img