05:09am 17 September 2026
NEWS
സിനിമാ കേസുകളും അധികാരത്തിന്റെ നിഴലും
13/06/2025  10:03 AM IST
സുരേഷ് വണ്ടന്നൂർ
സിനിമാ കേസുകളും അധികാരത്തിന്റെ നിഴലും

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ വർഷം സിനിമാ രംഗത്ത് വലിയ കോളിളക്കമുണ്ടാക്കിയ ലൈംഗികാതിക്രമ ആരോപണങ്ങൾ, തുടക്കത്തിൽ ഒരു സുനാമി പോലെയായിരുന്നു. സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം പ്രമുഖരടക്കം നിരവധി പേരെ കേസിൽ കുടുക്കുകയും ചെയ്തു. ഇത് പലരുടെയും കരിയറിനെ താത്കാലികമായി ബാധിച്ചു. എന്നാൽ, ആവേശം പെട്ടെന്ന് കെട്ടടങ്ങി. മിക്ക കേസുകളും തെളിയിക്കപ്പെടാതെ അവസാനിച്ചു. ന്യായം ആരുടെ പക്ഷത്താണെന്ന ചോദ്യം ബാക്കിയാകുമ്പോൾ, മലയാള സിനിമ ഇന്നും അധികാര കേന്ദ്രങ്ങളുടെ (പവർ ഗ്രൂപ്പുകളുടെ) നിയന്ത്രണത്തിലാണെന്ന് വ്യക്തമാകുന്നു.

നടി പാർവതി തിരുവോത്ത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഉന്നയിച്ച ചോദ്യം വലിയ ചർച്ചയായിരുന്നു: "എന്താണ് മുഖ്യമന്ത്രീ ഇപ്പോൾ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല കെട്ടോ. റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചരവർഷമല്ലേ ആയുള്ളൂ". ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് താൽപര്യമില്ലാത്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ചുകൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. സിനിമാ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നയങ്ങൾ രൂപീകരിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യമെന്നും അവർ ഓർമ്മിപ്പിച്ചു. ഹേമ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 35 കേസുകളിൽ 21 എണ്ണം നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കിയുണ്ടായിരുന്ന 14 കേസുകൾ കൂടി അവസാനിപ്പിക്കുമെന്നായിരുന്നു വാർത്ത.

പാർവതിയുടെ ചോദ്യം പ്രസക്തമാണെന്ന് തമിഴ്‌നാട്ടിലെ മീ ടൂ പോരാളിയായ ഗായിക ചിന്മയിയും അഭിപ്രായപ്പെട്ടു. അതിജീവിതരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. എന്നാൽ, റിമ കല്ലിങ്കലിനും പാർവതിക്കും ഒരു അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും, മറുവശത്ത് നടൻ ദിലീപിന് കൂടുതൽ പ്രൊമോഷൻ ലഭിക്കുന്നുണ്ടെന്നും ചിന്മയി ചൂണ്ടിക്കാട്ടി. ഇത് നാണക്കേടാണെന്നും അവർ പ്രതികരിച്ചു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യത്തിലാണ് കമ്മിറ്റി രൂപീകരിച്ചതെന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കേസുകൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രി വ്യക്തമായ പ്രതികരണം നൽകിയില്ല.

തെളിവില്ലാത്ത ആരോപണങ്ങൾ

ഇതിന് തൊട്ടുപിന്നാലെയാണ് ചലച്ചിത്ര താരങ്ങളായ ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരായ പീഡനക്കേസുകളിൽ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോർട്ട് പുറത്തുവന്നത്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2008 കാലഘട്ടത്തിൽ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചുവെന്നായിരുന്നു ഇവർക്കെതിരായ പരാതി.

ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വെച്ചെന്നായിരുന്നു പരാതി. എന്നാൽ, സംഭവസമയത്ത് ഷൂട്ടിംഗ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നൽകിയിട്ടില്ലെന്ന് സർക്കാർ രേഖകൾ പറയുന്നു. പീഡനം നടന്നതായി പറയുന്ന ശുചിമുറി പിന്നീട് വനംമന്ത്രിയുടെ ഓഫീസായി മാറിയതും, പരാതിക്കാരിക്ക് കൃത്യമായി സ്ഥലം തിരിച്ചറിയാൻ കഴിയാത്തതും കേസിന് തിരിച്ചടിയായി. ബാലചന്ദ്രമേനോൻ കൊച്ചിയിലെ ഹോട്ടലിന്റെ ആറാം നിലയിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. അദ്ദേഹം സംഭവദിവസം ഹോട്ടലിൽ താമസിച്ചതായി പോലീസ് സ്ഥിരീകരിച്ചെങ്കിലും, പരാതിക്കാരി അവിടെ വന്നതിന് തെളിവില്ല. കൂടാതെ, ഹോട്ടലിന് ആറ് നിലകളില്ല എന്നതും ഒരു വസ്തുതയാണ്. ദൃക്‌സാക്ഷിയായ ജൂനിയർ ആർട്ടിസ്റ്റ് താനൊന്നും കണ്ടില്ലെന്ന് മൊഴി മാറ്റിയതും കേസിനെ ദുർബലപ്പെടുത്തി.

പ്രമുഖർ കുരുങ്ങിയപ്പോൾ

ഹേമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പരാതികൾ ഏറ്റവുമധികം ദോഷം വരുത്തിയത് എം.എൽ.എ കൂടിയായ മുകേഷ്, നടൻ സിദ്ദീഖ്, സംവിധായകൻ രഞ്ജിത് എന്നിവർക്കാണ്. മുകേഷിനെതിരായ കേസിൽ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. യുവനടിയെ ഹോട്ടലിൽ വെച്ച് ആക്രമിച്ചുവെന്ന പരാതിയിൽ സിദ്ദീഖും അറസ്റ്റിലായി ജാമ്യത്തിലിറങ്ങി. ബംഗാളി നടിയെ സമ്മതമില്ലാതെ സ്പർശിച്ചെന്ന പരാതിയും, യുവാവിന്റെ പ്രകൃതിവിരുദ്ധ പീഡന പരാതിയുമാണ് രഞ്ജിത്തിനെതിരേയുണ്ടായത്. ഇതിൽ രണ്ടാമത്തെ കേസ് കള്ളക്കേസാണെന്ന് കർണാടക ഹൈക്കോടതി വിധിക്കുകയും ചെയ്തു. ബംഗാളി നടി നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സിനിമയിലെ പ്രമുഖർക്കെതിരെ കേസുകൾ തുടരെ രജിസ്റ്റർ ചെയ്തപ്പോൾ തന്നെ അതിന്റെ സ്വാഭാവിക അന്ത്യം എങ്ങനെയാകുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. ചില നടിമാർ തങ്ങൾ ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയപ്പോൾ ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും, തുടർനടപടികളിൽ നിന്ന് പിന്മാറിയെന്നും പറയുകയുണ്ടായി. കോടതിയിൽ മൊഴി നൽകാൻ പ്രത്യേക സംഘം ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികളും ഉയർന്നു. ചില പരാതികൾക്ക് കള്ളക്കേസിന്റെ ലക്ഷണം ഉണ്ടായിരുന്നതായും നിരീക്ഷിക്കപ്പെട്ടു. ദശാബ്ദങ്ങൾക്ക് മുമ്പ് നടന്നുവെന്ന് പറയുന്ന സംഭവങ്ങളുടെ പരാതികൾ പോലീസിലെത്താൻ കാലതാമസമുണ്ടായതും പ്രതിചേർക്കപ്പെട്ടവർക്ക് അനുകൂലമായി.

ഇനി ഈ കേസുകളുടെ ഭാവി ഹൈക്കോടതിയുടെ തീർപ്പിന് അനുസരിച്ചായിരിക്കും. ഈ മാസം 25നകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ മൊഴി നൽകാൻ പരാതിക്കാരെ നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ കോർട്ടിലുള്ളത് ഇനി സിനിമാ കോൺക്ലേവും നിയമനിർമ്മാണവുമാണ്. കോൺക്ലേവ് ആഗസ്റ്റിലും നിയമം ഒക്ടോബറിലുമെന്നാണ് ഒടുവിൽ അറിയിച്ചിട്ടുള്ളത്. ചുരുക്കത്തിൽ, സിനിമ അതിന്റെ വഴിക്കുതന്നെ പോകുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. നിലവിലുള്ള കുത്തഴിഞ്ഞ രീതിക്ക് ഒരു അച്ചടക്കമുണ്ടാക്കാനെങ്കിലും ഈ നടപടികൾ സഹായിക്കുമെന്നു മാത്രമേ ഇപ്പോൾ ആശിക്കാനാകൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img