05:30pm 11 November 2026
NEWS
​വിവരാവകാശം 'അട്ടിമറിക്കാൻ' നീക്കം? സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന ചോദ്യങ്ങളിൽ ജാഗ്രത വേണം: ആഭ്യന്തരവകുപ്പ്; പൂരം സംഭവമാണ് കാരണം
21/10/2025  09:45 AM IST
സുരേഷ് വണ്ടന്നൂർ
​വിവരാവകാശം അട്ടിമറിക്കാൻ നീക്കം? സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന ചോദ്യങ്ങളിൽ ജാഗ്രത വേണം: ആഭ്യന്തരവകുപ്പ്; പൂരം സംഭവമാണ് കാരണം

​തിരുവനന്തപുരം: സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്ന വിഷയങ്ങളിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരവകുപ്പ്. തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണമില്ലെന്ന തെറ്റായ മറുപടി സർക്കാരിനെ വെട്ടിലാക്കിയതിന് പിന്നാലെയാണ് ഈ നിർദ്ദേശം. സർക്കാരിന്റെ ഉത്തരവിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ആദ്യമാണ്.വിവരാവകാശനിയമത്തിന്റെ അന്തഃസത്ത ഇല്ലാതാക്കുന്നതാണ് പുതിയ നിർദ്ദേശമെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു. രഹസ്യമായി നൽകിയിരുന്ന ഇത്തരം നിർദ്ദേശങ്ങൾ ഇപ്പോൾ സർക്കാർ ഉത്തരവിലൂടെ പുറത്തുവന്നത് നിയമത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണോ എന്ന സംശയങ്ങൾക്കും വഴിയൊരുക്കുന്നു.
​തെറ്റായ മറുപടി; ഡിവൈ.എസ്.പിക്ക് താക്കീത്
​പൂരം കലക്കലുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നൽകിയതിന് പോലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരുന്ന ഡിവൈ.എസ്.പി എം.എസ്. സന്തോഷിനെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുത്ത് താക്കീത് നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവിലാണ് 'സർക്കാരിനെ കുഴപ്പത്തിലാക്കുന്ന' മറുപടികൾ ഒഴിവാക്കണമെന്ന നിർദ്ദേശമുള്ളത്.
​പൂരം കലങ്ങിയതിൽ സിറ്റി പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്നും അതിനാൽ വിവരങ്ങൾ ലഭ്യമല്ലെന്നുമായിരുന്നു ഡിവൈ.എസ്.പി നൽകിയ മറുപടി. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എ.ഡി.ജി.പി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഡിവൈ.എസ്.പിയുടെ നിസംഗതയും ജാഗ്രതക്കുറവും സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്തിയെന്ന് സർക്കാർ വിലയിരുത്തി.
​ചട്ടവിരുദ്ധമെന്ന് ആക്ഷേപം
​വിവരാവകാശ ഓഫീസർമാർ വിവരാവകാശ കമ്മീഷന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കേണ്ടതെന്നാണ് നിയമം. മറുപടിയെക്കുറിച്ച് സർക്കാരിന് നിർദ്ദേശിക്കാൻ കഴിയില്ല. ഈ നിയമം മറികടന്നാണ് സർക്കാർ നടപടിയെടുത്തതെന്നും, ഉത്തമവിശ്വാസത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന് നിയമം പരിരക്ഷ നൽകുന്നുണ്ടെന്നുമുള്ള വിമർശനം ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img