
തിരുവനന്തപുരം: സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്ന വിഷയങ്ങളിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരവകുപ്പ്. തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണമില്ലെന്ന തെറ്റായ മറുപടി സർക്കാരിനെ വെട്ടിലാക്കിയതിന് പിന്നാലെയാണ് ഈ നിർദ്ദേശം. സർക്കാരിന്റെ ഉത്തരവിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ആദ്യമാണ്.വിവരാവകാശനിയമത്തിന്റെ അന്തഃസത്ത ഇല്ലാതാക്കുന്നതാണ് പുതിയ നിർദ്ദേശമെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു. രഹസ്യമായി നൽകിയിരുന്ന ഇത്തരം നിർദ്ദേശങ്ങൾ ഇപ്പോൾ സർക്കാർ ഉത്തരവിലൂടെ പുറത്തുവന്നത് നിയമത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണോ എന്ന സംശയങ്ങൾക്കും വഴിയൊരുക്കുന്നു.
തെറ്റായ മറുപടി; ഡിവൈ.എസ്.പിക്ക് താക്കീത്
പൂരം കലക്കലുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നൽകിയതിന് പോലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരുന്ന ഡിവൈ.എസ്.പി എം.എസ്. സന്തോഷിനെ സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുത്ത് താക്കീത് നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവിലാണ് 'സർക്കാരിനെ കുഴപ്പത്തിലാക്കുന്ന' മറുപടികൾ ഒഴിവാക്കണമെന്ന നിർദ്ദേശമുള്ളത്.
പൂരം കലങ്ങിയതിൽ സിറ്റി പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്നും അതിനാൽ വിവരങ്ങൾ ലഭ്യമല്ലെന്നുമായിരുന്നു ഡിവൈ.എസ്.പി നൽകിയ മറുപടി. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എ.ഡി.ജി.പി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഡിവൈ.എസ്.പിയുടെ നിസംഗതയും ജാഗ്രതക്കുറവും സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്തിയെന്ന് സർക്കാർ വിലയിരുത്തി.
ചട്ടവിരുദ്ധമെന്ന് ആക്ഷേപം
വിവരാവകാശ ഓഫീസർമാർ വിവരാവകാശ കമ്മീഷന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കേണ്ടതെന്നാണ് നിയമം. മറുപടിയെക്കുറിച്ച് സർക്കാരിന് നിർദ്ദേശിക്കാൻ കഴിയില്ല. ഈ നിയമം മറികടന്നാണ് സർക്കാർ നടപടിയെടുത്തതെന്നും, ഉത്തമവിശ്വാസത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന് നിയമം പരിരക്ഷ നൽകുന്നുണ്ടെന്നുമുള്ള വിമർശനം ശക്തമാണ്.











