
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പാർട്ടിയിൽ വൻ പൊട്ടിത്തെറി. വിജയസാദ്ധ്യത ഏറെയുള്ള മുതിർന്ന നേതാക്കളായ കെ. സുധാകരനെയും അടൂർ പ്രകാശിനെയും വെട്ടിനിരത്താൻ ചില ഗ്രൂപ്പ് നേതാക്കൾ നടത്തുന്ന നീക്കത്തിനെതിരെ അണികൾക്കിടയിൽ പ്രതിഷേധം കടുക്കുകയാണ്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പ്രസ്താവനകൾ ഈ തർക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
കരുത്തരെ തഴയുന്നതിൽ അമർഷം
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് കെ. സുധാകരനും അടൂർ പ്രകാശും നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
കെ. സുധാകരൻ: കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ഒന്നിലധികം തവണ വിജയിച്ച സുധാകരൻ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ പോലും സന്നദ്ധത പ്രകടിപ്പിച്ച നേതാവാണ്.
അടൂർ പ്രകാശ്: 1996 മുതൽ 2016 വരെ കോന്നി മണ്ഡലത്തിൽ തോൽവി അറിയാത്ത ചരിത്രമുള്ള നേതാവാണ് അടൂർ പ്രകാശ്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ നിലവിലെ വിജയവും അദ്ദേഹത്തിന്റെ ജനസ്വാധീനത്തിന് തെളിവാണ്.
ഇത്രയും ജനപിന്തുണയുള്ള നേതാക്കളെ നിയമസഭയിൽ നിന്ന് മാറ്റിനിർത്തുന്നത് പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഈഴവ പ്രാതിനിധ്യം അട്ടിമറിക്കപ്പെടുന്നു?
നിലവിൽ കോൺഗ്രസിൽ നിന്ന് നിയമസഭയിലുള്ള ഈഴവ സമുദായ പ്രാതിനിധ്യം വളരെ കുറവാണ് (ഒരാൾ മാത്രം). ഈ കുറവ് പരിഹരിക്കാൻ സുധാകരനെയും അടൂർ പ്രകാശിനെയും പോലുള്ള കരുത്തരായ നേതാക്കൾ അനിവാര്യമാണെന്നിരിക്കെ, എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന കടുംപിടുത്തം ഈ സമുദായത്തോടുള്ള അവഗണനയാണെന്ന ആരോപണം ശക്തമാണ്. ഇക്കാര്യം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെട്ടതായും സൂചനയുണ്ട്.
നേതൃത്വം പ്രതിരോധത്തിൽ
സുധാകരനെതിരെ പരസ്യപ്രസ്താവന വന്നതോടെ ഉണ്ടായ വൻ പ്രതിഷേധം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രശ്നം വഷളാകാതിരിക്കാൻ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും നേരിട്ട് ഇടപെട്ട് സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തഴയപ്പെട്ടാൽ അത് താഴേത്തട്ടിലുള്ള പ്രവർത്തകരുടെ ആവേശം കെടുത്തുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇത് വലിയ തിരിച്ചടിയാകുമെന്നും പാർട്ടിക്കുള്ളിൽ തന്നെ മുന്നറിയിപ്പുണ്ട്.











