08:18am 30 April 2026
NEWS
ആർ എസ് എസ്സിനെ നിയന്ത്രിക്കാൻ നീക്കം: സിദ്ധരാമയ്യ ഗവണ്മെന്റിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി
29/10/2025  11:21 AM IST
വിഷ്ണുമംഗലം കുമാർ
ആർ എസ് എസ്സിനെ നിയന്ത്രിക്കാൻ നീക്കം: സിദ്ധരാമയ്യ ഗവണ്മെന്റിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

 പൊതുസ്ഥലത്ത് പത്തോ അതിലധികമോ ആളുകൾ മുൻ‌കൂർ അനുമതിയില്ലാതെ ഒത്തുകൂടുന്നത് തടഞ്ഞുകൊണ്ടുള്ള കർണാടക ഗവണ്മെന്റിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ധാർവാഡ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. പുനഃഛേതന സേവ സമസ്തേ എന്ന എൻ ജിഒയുടെ പരാതിയിലാണ് ജസ്റ്റിസ് നാഗപ്രസന്ന സ്റ്റേ അനുവദിച്ചത്. ശതാബ്‌ദിയാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആർ എസ് എസ്സിന്റെ ബൈട്ടക്കും റൂട്ട് മാർച്ചുമൊക്കെ നടന്നുവരികയാണ്. പൊതുയിടങ്ങളിലും ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള സ്കൂൾ, പാർക്ക് പോലുള്ള സ്ഥാപനങ്ങളിലും അത്തരം പരിപാടികൾ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐ ടി ബി ടി മന്ത്രി പ്രിയങ്ക് ഖാർഗെ ( എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകൻ) മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയിരുന്നു. സിദ്ധരാമയ്യയെപോലെ പ്രിയങ്ക് ഖാർഗെയും കടുത്ത ആർ എസ് എസ് വിരോധിയാണ്. തന്റെ മണ്ഡലപരിധിയിലുള്ള ചിറ്റപ്പുരിൽ ആർ എസ് എസ് നടത്താൻ തീരുമാനിച്ച റൂട്ട് മാർച്ച്‌ തടയുകയായിരുന്നു ഖാർഗെയുടെ പ്രധാന ലക്ഷ്യം. അദ്ദേഹത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുയിടങ്ങളിൽ പത്തിലേറെ ആളുകൾ മുൻ‌കൂർ അനുമതിയില്ലാതെ ഒത്തുകൂടുന്നത് തടഞ്ഞുകൊണ്ട് ഈ മാസം 18 ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ആർ എസ് എസ് അനുമതി ചോദിച്ചാൽ കൊടുക്കാതിരിക്കാനാണ് ഗവണ്മെന്റ് ഉദ്ദേശിച്ചത്. എന്നാൽ പൊതുയിടങ്ങൾ പലതും ഗവണ്മെന്റിന്റെ നിയന്ത്രണത്തിലല്ല. പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ അതിനൊക്കെ മേൽനോട്ടം വഹിക്കുന്നത്. സ്റ്റേ ചെയ്യരുതെന്നും വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ ഒരാഴ്ചത്തെ സാവകാശം അനുവദിക്കണമെന്നുമുള്ള അഡ്വക്കേറ്റ് ജനറലിന്റെ വാദം ബെഞ്ച് അംഗീകരിച്ചില്ല. മുതിർന്ന അഭിഭാഷകൻ അശോക് ഹാരണഹള്ളിയാണ് പരാതിക്കാർക്കുവേണ്ടി ഹാജരായത്. മറ്റൊരു സംഘടനയും രണ്ട് വ്യക്തികളും ഈ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. ഗവണ്മെന്റ് ഉത്തരവിലൂടെ ഇത്തരം നടപടികൾ സ്വീകരിക്കാനാവില്ലെന്നും അതിന് നിയമനിർമ്മാണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. സ്റ്റേ റദ്ദാക്കാൻ അപ്പീൽ നൽകുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img