
പ്രദീപ് ഉഷസ്സ്
കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ്ഗോപിയെ, കേരള വഖഫ് ബോർഡ് അംഗമാക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വഖഫ് ബോർഡുകളിൽ മുസ്ലീം പ്രതിനിധികൾക്ക് പുറമെ രണ്ട് അമുസ്ലീം പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തണമെന്ന, കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതിയുടെ മറപിടിച്ചാണ് സുരേഷ്ഗോപിയെ വഖഫ് ബോർഡിൽ എത്തിക്കാൻ അണിയറനീക്കങ്ങൾ നടക്കുന്നത്.
മുസ്ലീംലീഗിനുള്ളിൽ ഇത് സംബന്ധിച്ച് കടുത്ത അസംതൃപ്തി നിലനിൽക്കുന്നുണ്ടെങ്കിലും, ഇതിനെക്കുറിച്ച് പരസ്യപ്രതികരണത്തിന് നേതൃത്വം തയ്യാറായിട്ടേയില്ല. അതേസമയം ഇതര മുസ്ലീം സാമുദായിക സംഘടനകളിലും വിവിധ സെക്യുലർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഈ വിധം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന വികാരമാണിപ്പോൾ ശക്തമായി ഉയരുന്നത്.
മുസ്ലീം സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിൽ അന്യമതസ്ഥരെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് വിവിധ മുസ്ലീം മതസംഘടനകൾ ഉയർത്തിയിട്ടുള്ളത്. ഹൈന്ദവ വിശ്വാസികളുടെ ദേവസ്വം ബോർഡിലും, ക്രൈസ്തവ വിശ്വാസികളുടെ ചർച്ച് ട്രസ്റ്റിലും ഇതരമതസ്ഥർക്ക് പ്രാതിനിധ്യം നൽകിയിട്ടില്ല. അതേസമയം വഖഫ് ബോർഡിൽ അന്യമതസ്ഥർ വേണമെന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയിട്ടുള്ളത്. ഈ സർക്കാർ തീരുമാനം നീതിനിഷേധമാണെന്ന വികാരമാണ് വിവിധ ഇസ്ലാം മതസംഘടനകളും സെക്യുലർ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉയർത്തിയിട്ടുള്ളത്.
ബി.ജെ.പിക്ക് പിന്തുണയേകി ക്രൈസ്തവ സംഘടന
അതേസമയം, വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കണമെന്ന കേന്ദ്ര സർക്കാർ നിലപാട് നടപ്പാക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി വി.ഡി. സതീശനോട് ഈ ആവശ്യം വീണ്ടും ഉയർത്തിയത്, ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണെന്ന് വ്യക്തം.
ബി.ജെ.പി നേതൃത്വത്തിന് പുറമെ, ബി.ജെ.പി അനുകൂല നിലപാട് കൈക്കൊള്ളുന്ന ക്രൈസ്തവ സംഘടനയായ 'അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവ്വീസസും' ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യം ഉയർത്തി ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സുരേഷ്ഗോപി, കെ.എസ്. രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ്ജ് എന്നിവരിൽ നിന്നും ഒരാളെ സംസ്ഥാന വഖഫ് ബോർഡിലേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ വഖഫ് ബോർഡ് അംഗമായ കേന്ദ്രമന്ത്രി സുരേഷ്ഗോപി എത്തണമെന്ന നിലപാടാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റേത്.
കേന്ദ്ര വഖഫ് നിയമ ഭേദഗതി പ്രകാരം വഖഫ് കൗൺസിലിലും, സംസ്ഥാന വഖഫ്ബോർഡുകളിലും രണ്ട് അമുസ്ലീം അംഗങ്ങളെ നിർബന്ധമായും ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ ഭരണം കൂടുതൽ സുതാര്യവും, ഉത്തരവാദിത്വമുള്ളതുമാക്കാനാണ് അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തുന്നത് എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
കേന്ദ്ര സർക്കാർ ഈ വിധത്തിൽ ഒരു നയതീരുമാനവും നിയമഭേദഗതിയും നടപ്പിലാക്കിയ സാഹചര്യത്തിൽ, കേന്ദ്രനിയമം പാലിക്കാൻ ഓരോ സംസ്ഥാന സർക്കാരും ബാധ്യസ്ഥരാണെന്നാണ് കേരള സർക്കാരിന്റെ നിലപാട്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുള്ളതും ഇതേ നിലപാട് തന്നെയാണ്. മധ്യപ്രദേശ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി ഇതിനോടകം വഖഫ് ബോർഡുകൾ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. അതേവിധത്തിൽ പെട്ടെന്നുതന്നെ കേരളത്തിലെ വഖഫ് ബോർഡിലും പുനഃസംഘടന വേണമെന്നാണ് ബി.ജെ.പിയുടെയും അനുകൂല സംഘടനകളുടെയും വാദം.
തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിലവിൽ വന്നതും, പ്രവർത്തന കാലാവധി നിലനിൽക്കുന്നതുമായ കേരള വഖഫ് ബോർഡിനെ, യു.ഡി.എഫ് സർക്കാർ പിരിച്ച് വിട്ടത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട, ഹർജികളേയും, നിയമ പോരാട്ടങ്ങളേയും ചൂണ്ടിക്കാണിച്ചാണ്. ഹർജികളുടെ പശ്ചാത്തലത്തിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് സർക്കാർ കെ.എസ്. ഹംസ ചെയർമാനായ വഖഫ് ബോർഡിനെ പിരിച്ചുവിട്ടതും എം.സി മായിൻഹാജി ചെയർമാൻ ആയ പുതിയ ബോർഡ് രൂപീകരിച്ചതും. അതേസമയം ഇതുവരെ ബോർഡിലേക്ക് അമുസ്ലീം അംഗങ്ങളെ കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പുനഃസംഘടനയെ ചോദ്യം ചെയ്തുകൊണ്ട് മുൻ വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്.
മന്ത്രി സുരേഷ്ഗോപിയെ വഖഫ് ബോർഡിൽ എത്തിക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഭൂരിഭാഗം മുസ്ലീം സാമുദായിക സംഘടനകൾക്കുമുള്ളത്. തീവ്ര ഹൈന്ദവ നിലപാടുകൾ കൈക്കൊള്ളുകയും പലപ്പോഴും മുസ്ലീം മതവിശ്വാസികളെ വിമർശിക്കുകയും ചെയ്ത ചരിത്രമുള്ള സുരേഷ് ഗോപിയെ ഇസ്ലാമിക സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡ് അംഗമാക്കുന്നത് ശരിയല്ലെന്നാണ് മുസ്ലീം മതസംഘട നകളും, വിശ്വാസികളും ഒരുപോലെ മുന്നോട്ടുവയ്ക്കുന്ന വികാരം.
എന്നാൽ കേന്ദ്ര സർക്കാരിനെ പിണക്കാതെ മുന്നോട്ട് പോകണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. അതുകൊണ്ടുതന്നെ സംസ്ഥാന വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനത്തിൽ ഇതുവരെയും സംസ്ഥാന സർക്കാർ എത്തിയിട്ടില്ല. എന്നാൽ വഖഫ് വിഷയത്തിൽ ശക്തമായ നിലപാടാണ് തമിഴ്നാട് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. അമുസ്ലീം അംഗങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാനുള്ള നീക്കം നീതിക്ക് നിരക്കുന്നതല്ല എ ന്ന ആവശ്യം ഉയർത്തിയാണ് തമിഴ്നാട് സർക്കാർ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ അത്തരത്തിൽ സംസ്ഥാനത്തിന്റെ പൊതുവികാരം ഉയർത്തിപ്പിടിക്കുന്ന ഒരു തീരുമാനവും കേരള സർക്കാർ കൈക്കൊണ്ടിട്ടുമില്ല. തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ അന്തിമതീരുമാനം വന്നതിനുശേഷം നിയമനകാര്യം ചർച്ച ചെയ്യാമെന്ന മട്ടിൽ ഒഴുക്കൻ മറുപടി നൽകി വസ്തുതകളെ ലഘൂകരിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
മുസ്ലീംസമുദായത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങൾ കേന്ദ്ര സർക്കാർ ഉയർത്തിയിട്ടും അതിനെ പ്രതിരോധിക്കാനാകാത്ത സമീപനമാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്നും, അതിൽ സമുദായത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കാൻ മുസ്ലീംലീഗ് കഴിയില്ലെന്നുമുള്ള പൊതുവികാരം ആണ് അടിത്തട്ടിലെ മുസ്ലീം ലീഗ് പ്രവർത്തകരിൽ വരെ ശക്തമായി ഉയരുന്നത്. കഴിഞ്ഞദിവസം സമാപിച്ച മുസ്ലീം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിൽ ഭൂരിഭാഗം പ്രതിനിധികളും പങ്കുവച്ച വികാരവും ഇതുതന്നെയായിരുന്നു.
മുസ്ലീംലീഗ് ഭരിക്കുന്ന വകുപ്പുകളിൽ മുൻകാലങ്ങളിൽ അനാവശ്യ ഇടപെടലുകൾ യു.ഡി.എഫ് നേതൃത്വമോ, മുഖ്യമന്ത്രിമാരോ നടത്തിയിട്ടില്ല. ഇപ്പോൾ സ്വന്തം വകുപ്പുകളിലെ സുപ്രധാന നിയമനങ്ങൾപോലും വകുപ്പ് ഭരിക്കുന്ന ലീഗ് മന്ത്രിമാർ അറിയുന്നില്ല.
തലമുതിർന്ന നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിക്കുപോലും ഇതിനെതിരെ പരസ്യമായി പ്രതികരിക്കേണ്ടി വരുന്നു. ഒന്നും 'ഇഷ്യൂ' ആക്കേണ്ടതില്ല എന്ന് പ്രവർത്തകരെ സമാശ്വസിപ്പിക്കുന്ന നേതാവായ കുഞ്ഞാലിക്കുട്ടിക്ക് പോലും ഈവിധത്തിൽ പ്രതികരിക്കേണ്ടി വരുന്നതിന് ഗൗരവം വളരെയേറെയാണ്.
സമസ്തമേഖലകളിലും പരോക്ഷ കാവിവത്ക്കരണം നടന്നുകൊണ്ടിരിക്കെ, അതിനെതിരെ ചെറുവിരൽപോലുമനക്കാതെ ലീഗ് നേതൃത്വം കീഴടങ്ങുകയാണെന്ന രൂക്ഷവിമർശനവും യൂത്ത് ലീഗ് പ്രതിനിധികൾ സമ്മേളനത്തിൽ ഉയർത്തി. പി.എം. ശ്രീ, വന്ദേമാതരം, യൂണിവേഴ്സിറ്റികളിൽ ആർ.എസ്.എസ് അനുകൂലികളായ വൈസ് ചാൻസലർമാരുടെ നിയമനം, അഡ്വക്കേറ്റ് ജനറൽ നിയമനം, കില ഡയറക്ടർ നിയമനം, വഖഫ് നിയമഭേദഗതികൾ തുടങ്ങിയ വിഷയങ്ങളിലൊന്നും സർക്കാർ നിലപാടുകൾ സമുദായതാൽപ്പര്യത്തിന് യോജിച്ചതല്ലെന്നും, എന്നാൽ അതിനെതിരെ പ്രതിരോധമുയർത്താൻ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും ചില പ്രതിനിധികൾ ചൂണ്ടുക്കാട്ടിയത് പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.
ഇ.ഡി. പേടിയിൽ ലീഗ് നേതൃത്വം
മുസ്ലീം സമുദായത്തിന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിലേക്ക് അമുസ്ലീം അംഗങ്ങളെ എത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളെ ഒരു എതിർപ്പും ഇല്ലാതെ ശിരസാവഹിക്കാൻ ഒരുങ്ങുന്ന യു.ഡി.എഫ് സർക്കാരിൽ ഒരു പ്രതികരണം പോലുമുയർത്താതെ നിസ്സഹായാവസ്ഥയിൽ കഴിയുകയാണ് മുസ്ലീംലീഗ് നേതൃത്വം എന്നതാണ് യാഥാർത്ഥ്യം. മുൻകാലങ്ങളിൽ ഒന്നുമില്ലാത്ത വിധത്തിൽ, ഈ വിധത്തിൽ കേന്ദ്ര വിധേയത്വനിലപാടുകൾ തുടരാൻ മുസ്ലീംലീഗ് നേതൃത്വം നിർബന്ധിതരാകുന്നത് എന്തുകൊണ്ടാണ്?
മുസ്ലീംലീഗ് നേതാക്കൾക്ക് കേന്ദ്ര സർക്കാരിനേയും കേന്ദ്ര ഏജൻസിയായ ഇ.ഡിയേയും പേടിയാണെന്ന് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ തുറന്ന ചർച്ചയാകുന്നതും ഈ സാഹചര്യത്തിലാണ്. നിലവിൽ മുസ്ലീംലീഗിലെ പല പ്രബല നേതാക്കളും ഇ.ഡി അന്വേഷണം നേരിടുന്നുണ്ട്. ചന്ദ്രിക പത്രം വഴി അനധികൃതമായി കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണം, മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള എ.ആർ. നഗർ ബാങ്കിലെ സാമ്പത്തിക അഴിമതികൾ എന്നിവയ്ക്ക് പുറമെ, പല നേതാക്കളുടെയും സാമ്പത്തിക ഇടപെടലുകളും കേന്ദ്ര ഏജൻസികളുടെ അന്വേഷണപരിധിയിലാണ്. അതുകൊണ്ടുതന്നെയാണ് കേന്ദ്ര സർക്കാരിനേയും ബി.ജെ.പിയേയും പരസ്യമായി എതിർക്കുന്ന നിലപാടുകളിലേക്ക് മുസ്ലീംലീഗ് നേതൃത്വം എത്താത്തത് എന്നാണ് ഉയരുന്ന ആരോപണം.
കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ വഖഫ് ബോർഡിൽ എത്തിക്കാൻ നടക്കുന്ന അണിയറനീക്കങ്ങൾക്ക് സംസ്ഥാന സർക്കാരിന് മൗനാനുവാദം നൽകേണ്ടി വരുന്നതിന് സവിശേഷമായ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ഫെഡറൽ സംസ്ഥാനമായതിനാൽ കേന്ദ്ര സർക്കാർ നിർദ്ദേശത്തെ അനുസരിക്കുകയല്ലാതെ വേറെ നിർവ്വാഹമില്ല എന്ന മട്ടിലുള്ള മുഖംമിനുക്കൽ പ്രസ്താവനകളെ പഴയതുപോലെ ഉൾക്കൊള്ളാൻ മുസ്ലീം സാമുദായിക സംഘടനകളും അണികളും തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ സുരേഷ്ഗോപി സംസ്ഥാന വഖഫ് ബോർഡിൽ വന്നാൽ അത് കേരള രാഷ്ട്രീയത്തിൽ ശക്തമായ അടിയൊഴുക്കുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.










