
പട്ടാമ്പി: ആരോഗ്യപരിരക്ഷാ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മോട്ടൂൾ ഇന്ത്യയുടെ ‘സേഹത് കി സമൃദ്ധി’ പദ്ധതിയുടെ ഭാഗമായി പട്ടാമ്പിയിൽ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 23ന് നടന്ന ക്യാമ്പിൽ 200ലധികം പേർ പങ്കെടുത്തു. ഡോക്ടർമാരുടെ സൗജന്യ പരിശോധനയും കൺസൾട്ടേഷനും രക്തത്തിലെ പഞ്ചസാര, ഹീമോഗ്ലോബിൻ പരിശോധനകളും അവശ്യ മരുന്നുകളും പ്രഥമശുശ്രൂഷാ കിറ്റുകളും ക്യാമ്പിൽ ലഭ്യമാക്കി. 100ലധികം പേർക്ക് ആരോഗ്യ കിറ്റുകളും വിതരണം ചെയ്തു. മെക്കാനിക്കുകൾക്കും അവരുടെ കുടുംബങ്ങൾക്കും ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മോട്ടൂൾ ഇന്ത്യ, സൗത്ത് ഏഷ്യ സി.ഇ.ഒ നാഗേന്ദ്ര പൈ പറഞ്ഞു.
2026 ഏപ്രിൽ മുതൽ ഡിസംബർ വരെ രാജ്യത്തെ 27 ജില്ലകളിലായി 108 ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്ന പദ്ധതിയിലൂടെ ഈ വർഷം 21,000ത്തിലധികം പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. 2024 മുതൽ ഇതുവരെ 18,300ലധികം പേർക്ക് പദ്ധതിയിലൂടെ സേവനം ലഭിച്ചിട്ടുണ്ട്. തൃശ്ശൂരിലും ഗുരുവായൂരിലും വരും ദിവസങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. തൊഴിൽപരമായ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് തിരിച്ചറിയാനും പ്രതിരോധ പരിചരണം ഉറപ്പാക്കാനും ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് സ്മൈൽ ഫൗണ്ടേഷൻ സഹസ്ഥാപകൻ സന്താനു മിശ്ര പറഞ്ഞു.
Photo Courtesy - Google










