ഫ്ളാഗ് ഓഫ് ചെയ്തു

ഇക്കൊല്ലത്തെ രാഷ്ട്രീ ഏകതാ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള പോലീസ് ടീമംഗങ്ങളുടെ മോട്ടോര്‍സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിച്ചു. പോലീസിന്‍റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റം കുറിച്ച 'ഓപ്പറേഷന്‍ തൂഫാന്‍'ന്‍റെ സന്ദേശ പ്രചാരണം കൂടി ലക്ഷ്യമിട്ട്, കേരളാ പോലീസിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (SOG) കമാന്‍ഡോ വിഭാഗം സേനാംഗങ്ങളാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിലുള്ളത്.
ഒക്ടോബര്‍ 31നാണ് രാജ്യത്തുടനീളം ദേശീയ ഏകതാ ദിനം (രാഷ്ട്രീയ ഏകതാ ദിവസ്) ആഘോഷിക്കുന്നത്. 'ലഹരിക്കെതിരെ പോരാടുക' (FIGHT AGAINST DRUGS) എന്ന സന്ദേശത്തെ ആസ്പദമാക്കി രാജ്യത്തുടനീളമുള്ള യുവാക്കളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം.
നോര്‍ത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് റാലി സംഘടിപ്പിക്കന്നത്. വിവിധ സംസ്ഥാന പോലീസ് സേനകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, കേന്ദ്ര സായുധ പോലീസ് സേനകള്‍ (CAPF), മറ്റ് കേന്ദ്ര പോലീസ് സംഘടനകള്‍ (CPO) എന്നിവരുടെ ടീമുകള്‍ അതത് സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും ആസ്ഥാനങ്ങളില്‍ നിന്നും യാത്ര ആരംഭിക്കും. ഓരോ ടീമിലും റോയല്‍ എന്‍ഫീല്‍ഡ് (350 ബുള്ളറ്റ് / ക്ലാസിക്) മോട്ടോര്‍സൈക്കിളുകളില്‍ 5 റൈഡര്‍മാര്‍ വീതം ഉണ്ടായിരിക്കും.
എല്ലാ സോണുകളില്‍ നിന്നുമുള്ള സംഘങ്ങൾ ഒക്ടോബര്‍ 26, 27 തീയതികളിലായി ഗുജറാത്തിലെ ഏകതാ നഗറില്‍ സംഗമിക്കും. ഒക്ടോബര്‍ 29ന് നടക്കുന്ന ഫുള്‍ ഡ്രസ്സ് റിഹേഴ്സലിന് ശേഷം, ഒക്ടോബര്‍ 31ന് നടക്കുന്ന പ്രധാന ദേശീയ ഏകതാ ദിന പരേഡിലെ പ്രത്യേക റൈഡ് പാസ്റ്റില്‍ (Ride Past) എല്ലാ റൈഡര്‍മാരും പങ്കെടുക്കും.
റാലി കടന്നുപോകുന്ന വഴികളില്‍ പ്രാദേശിക പോലീസിന്‍റെ സഹകരണത്തോടെ കോളേജ്/യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി, എന്‍.എസ്.എസ് കേഡറ്റുകള്‍, യുവാക്കള്‍, പൊതുജനങ്ങള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഡിജിപി മാരായ ബൽറാം കുമാർ ഉപാദ്ധ്യായ,എച്ച്. വെങ്കിടേഷ് ,പി. വിജയൻ,പോലീസ് ആസ്ഥാനം ഐ.ജി. ഹർഷിത അത്തലൂരി ,മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സി.ആര്‍.പി.എഫ് ഡി.ഐ.ജി, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Courtesy - Google










