
ഒരു വർഷത്തിൽ അഞ്ച് ചലാൻ കിട്ടിയാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാകും എന്നതുൾപ്പെടെയുള്ള വകുപ്പുകളാണ് കേന്ദ്രം ഗതാഗത നിയമം പരിഷ്കരിച്ചപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, നിയമം എത്ര കർശനമാക്കിയാലും നിയമം ലംഘിക്കും എന്ന് ഉറപ്പിച്ച് ചിലർ വാഹനങ്ങളുമായി ഇറങ്ങാറുണ്ട്. ചിലർ തങ്ങളുടെ നിയമലംഘനങ്ങളെ വിശ്വാസങ്ങളുടെ പേരിൽ ന്യായീകരിക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഹെൽമറ്റ് ധരിക്കാതെ എത്തിയ ഒരാൾക്ക് എംവിഡി ഉദ്യോഗസ്ഥൻ നൽകിയ ഉപദേശമാണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. വൈറലായി.
ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച രണ്ടു യുവാക്കളെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്. “എവിടെ പോകുന്നു?” എന്ന ചോദ്യത്തിന് “പള്ളിയിൽ നിസ്കാരത്തിന്” എന്നായിരുന്നു മറുപടി. ഹെൽമറ്റ് ഇല്ലല്ലോ എന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയപ്പോൾ തങ്ങളുടെ മതവിശ്വാസം അനുശാസിക്കുന്ന തലപ്പാവ് ധരിച്ചിട്ടുണ്ട് എന്നായിരുന്നു യുവാക്കളുടെ നിലപാട്. നിയമവും വിശ്വാസവും തമ്മിലുള്ള ബന്ധം ഒറ്റവരിയിൽ ഉദ്യോഗസ്ഥൻ പറഞ്ഞതോടെ യുവാവിന് ഉത്തരംമുട്ടി.
‘തൊപ്പി നമുക്ക് സുന്നത്തേ ഉള്ളു, പക്ഷേ ഹെൽമറ്റ് ഫർളാണ്.’ ഇതായിരുന്നു ആ വാചകം. ഫർളാ (ഫർള് കിഫായ) എന്നാൽ ഓരോ വ്യക്തിയും നിർബന്ധമായും ചെയ്തിരിക്കണമെന്ന് ഇസ്‍ലാം അനുശാസിക്കുന്ന കാര്യങ്ങളാണ്. ഇത് പാലിക്കാതിരിക്കുന്നത് പാപമായി കണക്കാക്കും. സുന്നത്ത് എന്നാൽ മതാനുഷ്ഠാനങ്ങൾക്കുള്ള നിർദേശങ്ങളാണ്. അവ അനുഷ്ഠിച്ചാൽ ആത്മീയമായ സദ്‍ഫലം ഉണ്ടാകും. അനുഷ്ഠിച്ചില്ലെങ്കിൽ അതിനെ പാപമായി കാണുകയുമില്ല. മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും നൽകുന്ന പ്രാധാന്യം, സ്വന്തം ജീവൻറെ സുരക്ഷയ്ക്കും നിയമം പാലിക്കുന്നതിനും നൽകണമെന്നാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നത്.











